കാട് കാണാൻ ജാനകിക്കാട്ടിലേക്ക്; വഴിയിൽ സ്വാഗതം ചെയ്ത് ഗതാഗതക്കുരുക്കും കാട്ടുപോത്തും ;പ്രവേശനഫീസ് കൂട്ടിയിട്ടും സൗകര്യങ്ങളില്ല
പ്രകൃതിഭംഗിയേറെ, വികസനമില്ല
പെരുവണ്ണാമൂഴി: പ്രവേശനഫീസ് കുത്തനെ കൂട്ടിയിട്ടും വിനോദസഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം. പ്രകൃതിഭംഗിയും ജൈവവൈവിധ്യവും ആസ്വദിക്കാൻ ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന കേന്ദ്രത്തിൽ അടിസ്ഥാനസൗകര്യ വികസനം കാലങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് സഞ്ചാരികളുടെ പ്രധാന പരാതി.
280 ഏക്കറിലെ ജൈവവൈവിധ്യം
2008-ൽ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വമാണ് കുറ്റ്യാടിപ്പുഴയുടെ തീരത്ത് മരുതോങ്കര പഞ്ചായത്തിന്റെ അതിർത്തിപ്രദേശത്തുള്ള ഈ വിനോദസഞ്ചാര കേന്ദ്രം നാടിനായി സമർപ്പിച്ചത്. 280 ഏക്കറോളം വിസ്തൃതിയുള്ള ജാനകിക്കാട് അപൂർവ ഔഷധസസ്യങ്ങളാലും വിവിധതരം പക്ഷികളാലും സമ്പുഷ്ടമാണ്. കാട്ടിലൂടെയുള്ള രണ്ടു കിലോമീറ്റർ നടപ്പാതയിലൂടെ പ്രകൃതിഭംഗി കണ്ടുമടങ്ങാൻ ധാരാളം പഠനയാത്രാ സംഘങ്ങളും കെ.എസ്.ആർ.ടി.സി. ടൂറിസം ബസുകളും എത്തുന്നുണ്ട്. 2024-ൽ മാത്രം 12 ലക്ഷം രൂപയുടെ വരുമാനമാണ് ഇവിടെ ലഭിച്ചത്.
30 ലക്ഷത്തിന്റെ പദ്ധതി ഫയലിൽ കുടുങ്ങി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കോടൂറിസം വികസനത്തിനായി 30 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മാക്കാച്ചിക്കാടയെ ഐക്കണാക്കി പ്രധാന കവാട നിർമാണം, കുട്ടികളുടെ പാർക്ക്, വിശ്രമമുറി, വായനശാല, ശൗചാലയം, ഇക്കോഷോപ്പ്, നടപ്പാത നവീകരണം, കൈവരികൾ, ടിക്കറ്റ് കൗണ്ടർ നവീകരണം, ചങ്ങാടം, ജി.ഐ. പൈപ്പ് പാലം എന്നിവയടങ്ങുന്ന സമഗ്ര പദ്ധതിയാണ് അനുമതി കാത്തുകിടക്കുന്നത്.
തകർന്ന വാഗ്ദാനങ്ങളും പുതിയ പ്രതീക്ഷയും
ഉദ്ഘാടനവേളയിൽ ഒരുക്കിയിരുന്ന മുളംചങ്ങാടവും ഏറുമാടവും വർഷങ്ങൾക്ക് മുമ്പേ തകർന്നു. പിന്നീട് കടന്തറപ്പുഴയിലേക്കിറങ്ങാൻ കൽപ്പടവുകളും കൈവരികളും 400 മീറ്റർ കരിങ്കൽ നടപ്പാതയും മാത്രമാണ് നിർമിച്ചത്. കഴിഞ്ഞവർഷം പത്തുലക്ഷം രൂപ ചെലവഴിച്ച് രണ്ടു പഴയ കെട്ടിടങ്ങൾ നവീകരിച്ച് നേച്ചർ എജുക്കേഷൻ സെന്റർ സജ്ജമാക്കിയിരുന്നു.
വാഹനപാർക്കിങ് പെരുവഴിയിൽ
കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തത് വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു. വാഹനങ്ങൾ റോഡരികിൽ തന്നെ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്. വീതികുറഞ്ഞ കനാൽ നീർപ്പാലം വഴിയാണ് ഇവിടേക്ക് എത്തുന്നത്. പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ മാത്രമാണ് സഞ്ചാരികൾ ആശ്രയിക്കുന്നത്.
സുരക്ഷയും വെളിച്ചവുമില്ല; ഭീഷണിയായി കാട്ടുപോത്തും
മുള്ളൻകുന്ന് ഭാഗത്തേക്കുള്ള വീതികുറഞ്ഞ റോഡിന്റെ ഒരുവശം സംരക്ഷണഭിത്തിയോ കൈവരിയോ ഇല്ലാതെ കിടക്കുന്നത് അപകട സാധ്യത കൂട്ടുന്നു. പ്രദേശത്ത് തെരുവ് വിളക്കുകളില്ലാത്തതും രാത്രിയാത്ര ദുസ്സഹമാക്കുന്നു. സോളാർ വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനുപുറമേ, പകൽസമയങ്ങളിൽ പോലും കാട്ടുപോത്തുകൾ ഇറങ്ങുന്നത് സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഫീസ് വർധിപ്പിച്ച അധികൃതർ അതിനനുസരിച്ചുള്ള സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.

Comments
Post a Comment