വന്യമൃഗ ആക്രമണം: കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളിൽ കത്തോലിക്കാ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 7-ന് പരാതി സമർപ്പിക്കും
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനും കൃഷിനാശത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന സമിതി രംഗത്ത്. മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടുപന്നി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 11 മണിക്ക് ജനപ്രതിനിധികൾക്കും വനംവകുപ്പ് അധികൃതർക്കും പരാതി സമർപ്പിക്കും. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതികൾക്കും പെരുവണ്ണാമുഴി റേഞ്ച് ഓഫീസർക്കുമാണ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ജനകീയ പരാതി നൽകുന്നത്. മലയോര മേഖലയിലെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഭീതിയിലൂടെയുമാണ് കടന്നുപോകുന്നത്. ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് ദിനംപ്രതി നശിപ്പിക്കപ്പെടുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണാനും, കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കാനും അധികൃതർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. ബുധനാഴ്ച നടക്കുന്ന പരാതി സമർപ്പണ പരിപാടിക്ക് കത്തോലിക്കാ കോൺഗ്രസ് കൂരാച...