കൂരാച്ചുണ്ടിൽ കാട്ടുപന്നി ആക്രമണം: വളർത്തുനായയെ ആക്രമിച്ചുകൊന്നു;
കൂരാച്ചുണ്ട്: മേലെ പൂവത്തുംചോല പനച്ചിക്കൽ കോളനിയിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിൽ വളർത്തുനായ ചത്തു. പനച്ചിക്കൽ കോളനി നിവാസിയായ ജോൺ മനയത്തിന്റെ വളർത്തുനായയെ ആണ് ഇന്ന് (ചൊവ്വാഴ്ച) വെളുപ്പിന് ഏകദേശം 3:30 ഓടെ എത്തിയ നാല് കാട്ടുപന്നികൾ അടങ്ങുന്ന സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്.
വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ കൂട്ടമായെത്തിയ പന്നികൾ ആക്രമിക്കുകയായിരുന്നു. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നു പുറത്തുവന്നപ്പോഴേക്കും പന്നികൾ നായയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. നിമിഷങ്ങൾക്കകം തന്നെ നായ ചത്തു.
മലയോര മേഖലയായ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് ജനവാസ മേഖലയെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന ഈ സംഭവം. മുൻപ് കൃഷിയിടങ്ങൾ മാത്രം നശിപ്പിച്ചിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജനവാസ മേഖലകളിലേക്കും വീട്ടുപറമ്പുകളിലേക്കും ധൈര്യമായി ഇറങ്ങി മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേരെ തിരിയുന്നത് വലിയ ആശങ്കയുണർത്തുന്നുണ്ട്.
വെളുപ്പാൻകാലത്തും രാത്രികാലങ്ങളിലും പുറത്തിറങ്ങുന്ന പ്രദേശവാസികളും പത്രവിതരണക്കാരും തൊഴിലാളികളും ഭയപ്പാടോടെയാണ് കഴിയുന്നത്. രാത്രികാലങ്ങളിൽ കാൽനടയായും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതടക്കമുള്ള അടിയന്തര നടപടികൾ വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment