വ്യാപാരിയെ ആക്രമിച്ച കേസ്: ചക്കിട്ടപാറ , പന്തിരിക്കര സ്വദേശികൾ പെരുവണ്ണാമൂഴി പോലീസിന്റെ പിടിയിൽ
പെരുവണ്ണാമൂഴി: കൂത്താളി പഞ്ചായത്തിലെ കല്ലൻകണ്ടി താഴെയിൽ വ്യാപാരിയെ മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസിന്റെ പിടിയിലായി. പന്തിരിക്കര ആവടുക്ക കേളോത്തുപറമ്പിൽ മിഥുൻലാൽ എന്ന ജിത്തൂട്ടൻ (34), പന്തിരിക്കര മൃദുല വിഹാറിൽ അമൃത് ലാൽ (39), നരിനട കായലുള്ള പറമ്പിൽ ജിബിൻലാൽ (33) എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
കല്ലൻകണ്ടി താഴെയിൽ കച്ചവടം നടത്തുന്ന ജയ്സലിന് നേരെയാണ് ആക്രമണമുണ്ടായത്. സെപ്റ്റംബർ 21-ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കടയിലുണ്ടായിരുന്ന ജയ്സലിനെ സംഘടിച്ചെത്തിയ പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജയ്സലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും തുടര്‍ന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ മൂവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പെരുവണ്ണാമൂഴി സർക്കിൾ ഇൻസ്പെക്ടർ അഷറഫിന്റെ മേൽനോട്ടത്തിൽ പെരുവണ്ണാമൂഴി എസ്.എച്ച്.ഒ. അനുജോസ്, എസ്.ഐ.മാരായ എൻ.കെ. ദിനേശ്, കെ. മുനീർ, എ.എസ്.ഐ. ഗഫൂർ, എസ്.സി.പി.ഒ.മാരായ കെ.കെ. സമീർ, കെ. ഷാനവാസ്, പ്രശാന്ത്, സി.പി.ഒ.മാരായ അജീഷ്, ടി. സമീർ, റിഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.


Comments
Post a Comment