കോഴിക്കോട് വെള്ളയിൽ നാടകീയ സംഭവങ്ങൾ: വയോധികയ്ക്ക് വയറ്റിൽ വെടിയേറ്റു; അയൽവാസി പോലീസ് കസ്റ്റഡിയിൽ


കോഴിക്കോട്: അതിർത്തിയിലെ കുതിരാലയം നിർമ്മാണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. വെടിവെപ്പിൽ വെള്ളയിൽ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് വെടിയുതിർത്ത വെള്ളയിൽ സ്വദേശി ഷിംജിത്തിനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ബി.ജി. റോഡിന് സമീപത്തുവെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ഷിംജിത്ത് തന്റെ വീടിന് മുൻവശത്തായി പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്ന് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരാലയം കെട്ടി രണ്ടു കുതിരകളെ വളർത്തിവരുന്നുണ്ടായിരുന്നു. ഇതിൽ നിന്നും ഉയരുന്ന ദുർഗന്ധത്തെയും വൃത്തിഹീനമായ സാഹചര്യങ്ങളെയും ചൊല്ലി ഇരുവരും തമ്മിൽ കുറച്ചുകാലമായി നിരന്തരം തർക്കം നിലനിന്നിരുന്നു.

ഞായറാഴ്ച രാവിലെയോടെ ഇതേ വിഷയത്തിൽ വീണ്ടും രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ പ്രകോപിതനായ ഷിംജിത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന എയർപിസ്റ്റളുമായി വന്ന് പുഷ്പലതയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വയറിന് വെടിയേറ്റ് വീണ പുഷ്പലതയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബീച്ച് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പ്രതിയായ ഷിംജിത്ത് മുൻപും പ്രദേശവാസികളുമായും മറ്റു അയൽവാസികളുമായും സമാനമായ രീതിയിൽ തർക്കങ്ങളിൽ ഏർപ്പെടാറുള്ളയാളാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇയാൾ എയർപിസ്റ്റൾ എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വെള്ളയിൽ പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി