ആകാശത്തെ ഹീറോയ്ക്ക് യു.എ.ഇയുടെ സ്‌നേഹാദരം: മരണമുഖത്തുനിന്നും വിമാനം കരകയറ്റിയ ഇന്ത്യൻ പൈലറ്റിനെ ചേർത്തുപിടിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ്: ആകാശച്ചുഴിയില്‍ പതറാതെ നിലയുറപ്പിച്ച് അസാമാന്യ ധീരതയോടെ ലോകത്തെ വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് യു.എ.ഇ. ഭരണകൂടം. വിമാനത്തിനുള്ളിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു.
ആശുപത്രി കിടക്കയിലുള്ള സ്മിതിനെ ചേർത്തുപിടിച്ച ഷെയ്ഖ് ഹംദാൻ, സ്വന്തം ജീവൻ പണയം വെച്ചും നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം കാണിച്ച സമർപ്പണത്തെയും ധീരതയെയും വാനോളം പ്രശംസിച്ചു. മറ്റുള്ളവരുടെ ജീവന് അത്യധികം വിലകല്പിക്കുന്ന ഉന്നതമായ ഉത്തരവാദിത്തബോധവും ധൈര്യവുമാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ചതെന്ന് ഷെയ്ഖ് ഹംദാൻ പ്രതികരിച്ചു. യു.എ.ഇ. ഭരണനേതൃത്വത്തിന്റെ മുഴുവൻ അഭിനന്ദനങ്ങളും സ്നേഹവും അദ്ദേഹം പൈലറ്റിനെ നേരിട്ടറിയിച്ചു.
സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഷെയ്ഖ് ഹംദാൻ, ക്യാപ്റ്റൻ സ്മിത് യു.എ.ഇ. എന്ന രാജ്യത്തിന്റെ വലിയ അഭിമാനമാണെന്ന് വ്യക്തമാക്കി. "ഞങ്ങളുടെ ടീമിന്റെ ഭാഗമായി... നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി... സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും മാതൃഭൂമിയായ യു.എ.ഇയിലെ നമ്മുടെ മാനുഷിക അനുഭവങ്ങളുടെ ഭാഗമായി അദ്ദേഹം ഒപ്പമുള്ളതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു," എന്ന് അദ്ദേഹം കുറിച്ചു.
നടുക്കം വിട്ടുമാറാതെ ആകാശത്തെ ആ നിമിഷങ്ങൾ
സെപ്റ്റംബർ 30-നാണ് ലോകത്തെ നടുക്കിയ നാടകീയ സംഭവങ്ങൾ ആകാശത്ത് അരങ്ങേറിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായുടെ FZ1073 (ബോയിങ് 737 മാക്സ് 8) വിമാനത്തിന്റെ കോക്പിറ്റിലായിരുന്നു അക്രമം നടന്നത്.
വിമാനം ആയിരക്കണക്കിന് അടി ഉയരത്തിൽ പറക്കുമ്പോൾ ഒമാനി സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി കോക്പിറ്റിലെ എമർജൻസി കോടാലി (Crash Axe) ഉപയോഗിച്ച് അദ്ദേഹം ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കോക്പിറ്റിൽ വിനാശകരമായ പദ്ധതി നടപ്പാക്കാനും വിമാനം അപായപ്പെടുത്തി വൻ ആഗോള ദുരന്തമുണ്ടാക്കാനുമായിരുന്നു അക്രമി ലക്ഷ്യമിട്ടത്.
ചോര വാർന്നിട്ടും പതറാത്ത ധീരത
ആക്രമണത്തിൽ കടുത്ത പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും സ്മിത് കാണിച്ച അസാമാന്യ ധൈര്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റിട്ടും അവസാന നിമിഷത്തെ ആത്മവീര്യം വീണ്ടെടുത്ത സ്മിത്, കോക്പിറ്റിന്റെ വാതിൽ തന്ത്രപരമായി അൺലോക്ക് ചെയ്ത് തുറന്നുകൊടുത്തു.
വാതിൽ തുറന്നതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങളും യാത്രക്കാരും സമയോചിതമായി കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ സഹപൈലറ്റിനെ മൽപ്പടുത്തത്തിലൂടെ കീഴടക്കുകയുമായിരുന്നു. തുടർന്ന് രക്തം വാർന്നുപോകുന്ന അവസ്ഥയിലും പൈലറ്റ് സ്മിതിന്റെയും ക്രൂവിന്റെയും നിർണ്ണായകമായ ഇടപെടലിൽ വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് അടിയന്തരമായി തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കി.
ആസൂത്രിത ഭീകരാക്രമണമെന്ന് യു.എ.ഇ. സ്ഥിരീകരണം
ദുബായിൽനിന്ന് തെൽ അവീവിലേക്ക് പോയ വിമാനത്തിൽ നടന്നത് ആസൂത്രിതമായ ഭീകരപ്രവർത്തനമാണെന്ന് അന്വേഷണത്തിനൊടുവിൽ യു.എ.ഇ. ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് പ്രഖ്യാപനം നടത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ തടസ്സങ്ങൾ വെട്ടിപ്പൊളിക്കാൻ സൂക്ഷിച്ചിരുന്ന 'ക്രാഷ് ആക്സ്' ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചത് വിമാനം പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാക്കാനാണെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യങ്ങളെക്കുറിച്ചും രാജ്യാന്തര തലത്തിലുള്ള മറ്റ് കണ്ണികളെക്കുറിച്ചും യു.എ.ഇ. പ്രോസിക്യൂഷനും അന്വേഷണസംഘവും വിപുലമായ അന്വേഷണം തുടരുകയാണ്. സാങ്കേതിക വിവര ശേഖരണത്തിനൊപ്പം ഡിജിറ്റൽ തെളിവുകളടക്കം വിശകലനം ചെയ്തുവരുന്നു.
നേരത്തെ, ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് അതിഗുരുതരമായ ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യക്തമാക്കിയിരുന്നു. ചോരവാർന്ന് ജീവനായി പോരാടുമ്പോഴും പതറാതെ നിലയുറപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ഈ ഇന്ത്യൻ പൈലറ്റിന്റെ ധീരതയ്ക്ക് ആഗോളതലത്തിൽ വലിയ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments
Post a Comment