പേരാമ്പ്ര സബ്ജില്ലാ കായികമേള ; ഇഞ്ചോടിഞ്ച് കടുപ്പം! ലീഡുയർത്തി കുളത്തുവയൽ, തൊട്ടുപിന്നിൽ പേരാമ്പ്രയും കൂരാച്ചുണ്ടും
കുളത്തുവയൽ: കായികപ്രേമികളെ ആവേശത്തിലാഴ്ത്തി പേരാമ്പ്ര സബ്ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിന മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് നിലയിൽ കുളത്തുവയൽ സെന്റ് ജോർജസ്ഹയർ സെക്കന്ററി സ്കൂൾ മുന്നേറ്റം തുടരുന്നു. തൊട്ടുപിന്നിൽ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളും കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടവുമായി പൊരുതുന്നു.
രാവിലെ കുളത്തുവയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫാത്തിമ തഹ്ലിയ എം.എൽ.എ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികളും കായിക-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ആരംഭിച്ച മത്സരങ്ങളിൽ ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് ആതിഥേയരായ കുളത്തുവയൽ സ്കൂൾ തുടക്കത്തിൽ തന്നെ ലീഡ് നേടിയത്. സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളാണ് ആദ്യദിനത്തിൽ മാറ്റുരച്ചത്.
ട്രാക്ക് ഇനങ്ങളിൽ പേരാമ്പ്ര സെന്റ് ഫ്രാൻസിസും കൂരാച്ചുണ്ട് സെന്റ് തോമസും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പല ഇനങ്ങളിലും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വിജയികളെ തീരുമാനിച്ചത്. കാണികളുടെ വൻ സാന്നിധ്യവും ആവേശകരമായ പ്രോത്സാഹനവും കുട്ടികൾക്ക് കൂടുതൽ കരുത്ത് പകർന്നു.
മേളയുടെ രണ്ടാം ദിന മത്സരങ്ങൾ നാളെ രാവിലെ 8 മണിക്ക് പുനരാരംഭിക്കും. കൂടുതൽ ഫൈനൽ മത്സരങ്ങൾ നാളെ നടക്കാനിരിക്കെ കിരീടപ്പോരാട്ടം ഇനിയും കനക്കാനാണ് സാധ്യത.

Comments
Post a Comment