പോലീസുകാരന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയ ക്രിമിനലിന് നീതിപീഠത്തിന്റെ എട്ടിന്റെ പണി 42 വർഷം കഠിനതടവും 4 ലക്ഷം പിഴയും
തൃശൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ട ഒല്ലൂർ ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിനെ കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് വിചാരണക്കോടതിയുടെ കഠിനശിക്ഷ. ഒല്ലൂർ പടവരാട് സ്വദേശി മാരി എന്ന അനന്തു (27) വിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി–2 സ്പെഷൽ ജഡ്ജി രമ്യ ആർ. മേനോൻ 42 വർഷം കഠിനതടവിനും നാലു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
മയക്കുമരുന്ന് വ്യാപാരം, വധശ്രമം ഉൾപ്പെടെ 19-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ അനന്തു പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ്.
നാടിനെ നടുക്കിയ സംഭവം ഇങ്ങനെ:
2024 ഡിസംബർ 5-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവിധ കേസുകളിൽ പ്രതിയായ അനന്തു ഒല്ലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ഒരു ഫാമിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇൻസ്‌പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.
ഈ സമയം "നിന്നെ കൊലപ്പെടുത്തുമെടാ" എന്ന് അലറിവിളിച്ച പ്രതി, കൈയിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തികൊണ്ട് ഫർഷാദിന്റെ കഴുത്തിലും ഇടത് നെഞ്ചിലും ആഞ്ഞുകുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഇൻസ്‌പെക്ടറെ ഉടൻതന്നെ ഒല്ലൂരിലെ മിഡാസ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാലാണ് ജീവൻ രക്ഷിക്കാനായത്. ആക്രമണത്തിന് ശേഷവും വഴങ്ങാത്ത പ്രതിയെ ഒടുവിൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ചാണ് കീഴടക്കിയത്.
കൂറുമാറാതെ സാക്ഷികൾ; പ്രോസിക്യൂഷന് ചരിത്രവിജയം
കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 47 സാക്ഷികളിൽ ഒരാൾപോലും വിചാരണവേളയിൽ കൂറുമാറിയില്ല എന്നത് നീതിന്യായ ചരിത്രത്തിലെ അപൂർവ്വ സംഭവമായി. കൃത്യമായ അന്വേഷണവും മികച്ച ഏകോപനവും വഴി ശക്തമായ ഡിജിറ്റൽ-ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചു.
- 47 സാക്ഷികൾ: മുഴുവൻ സാക്ഷികളും കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
- തെളിവുകൾ: 68 പ്രധാന രേഖകളും സിസിടിവി ദൃശ്യങ്ങളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ കൃത്യമായി നിരത്താൻ പ്രോസിക്യൂഷനായി.
- ജാമ്യം ലഭിച്ചില്ല: കേസിന്റെ ഒരു ഘട്ടത്തിലും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. വിചാരണത്തടവുകാരനായി ജയിലിൽ കിടന്നുകൊണ്ടാണ് ഇയാൾ വിചാരണ നേരിട്ടത്.
സമൂഹത്തിന് ശക്തമായ മുന്നറിയിപ്പ്
യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നേരെപോലും ആയുധമെടുക്കാൻ മടിക്കാത്ത ക്രിമിനൽ സംഘങ്ങൾക്കുള്ള വ്യക്തമായ താക്കീതാണ് ഈ വിധിന്യായമെന്ന് കോടതി നിരീക്ഷിച്ചു. ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ രംഗത്തിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ നിയമവ്യവസ്ഥയ്ക്ക് പ്രധാനമാണെന്ന് തെളിയിക്കുന്ന ലാൻഡ്മാർക്ക് വിധിയാണിത്.

Comments
Post a Comment