കൂരാച്ചുണ്ടിൽ വീണ്ടും കാട്ടാന ശല്യം; ആനകളെ തുരത്താൻ ജലാശയത്തിൽ കാവലൊരുക്കി വനം വകുപ്പ്; കൂരാച്ചുണ്ടിൽ ബോട്ട് പട്രോളിംഗ് ആരംഭിച്ചു

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട്  ഓട്ടപ്പാലം മഠത്തിനാൽ താഴെ പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തി. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നെത്തിയ അഞ്ച് കാട്ടാനകളാണ് ഞായറാഴ്ച രാത്രിയോടെ ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്.രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ആളുകൾ ഒറ്റയ്ക്കായും കൂട്ടമായും കാട്ടാനകൾ ഉള്ള ഭാഗത്തേക്ക് പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കർഷകരുടെ നൂറോളം വാഴകൾ നശിപ്പിച്ചു

പ്രദേശത്തെ കർഷകരായ ജോയി മരോട്ടികുഴി, സജി തയ്യുള്ളതിൽ എന്നിവരുടെ നൂറോളം വാഴകളാണ് കാട്ടാനകൾ ചവിട്ടിമെതിച്ചും ഒടിച്ചു കളഞ്ഞും നശിപ്പിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗശല്യം ഈ പ്രദേശത്തെ കർഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.

ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു

സംഭവത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, പഞ്ചായത്ത് അംഗങ്ങളായ എൻ. കെ. കുഞ്ഞമ്മദ്, അഡ്വ. വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, സി.പി.എം. ലോക്കൽ സെക്രട്ടറി സി.എച്ച്. സുരേഷ് എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗങ്ങളിൽ നിന്ന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കണമെന്നും ജനപ്രതിനിധികൾ അധികാരികളോട് ആവശ്യപ്പെട്ടു.

വനം വകുപ്പിന്റെ ബോട്ട് പട്രോളിംഗ് ആരംഭിച്ചു 

റിസർവോയർ വഴി ആനകൾ വീണ്ടും ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയുന്നതിന്റെ ഭാഗമായി പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബോട്ട് പട്രോളിംഗ് ആരംഭിച്ചു. രാത്രികാലങ്ങളിൽ ജാഗ്രത ശക്തമാക്കാനും ജലാശയത്തിലൂടെയുള്ള ആനകളുടെ നീക്കം നിരീക്ഷിക്കാനുമാണ് ഈ നടപടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി