3 മണിക്കൂർ, 6 പ്രത്യേക സംഘങ്ങൾ: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വേലക്കാരി പിടിയിൽ;
ഹൈദരാബാദ്: വീട്ടുകാരുടെ വിശ്വാസം മുതലെടുത്ത് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമായി കടന്നുകളഞ്ഞ വേലക്കാരിയെ തെലങ്കാന പോലീസ് മൂന്ന് മണിക്കൂറിനുള്ളിൽ സാഹസികമായി പിടികൂടി. ഹൈദരാബാദിലെ ബോഡുപ്പലിലെ അപ്പാർട്ട്‌മെന്റിൽ നടന്ന സംഭവത്തിൽ, ഒളിവിൽ പോയ നല്ല ദുർഗ്ഗ ഭവാനി എന്ന സ്ത്രീയെയാണ് പോലീസ് വലയിലാക്കിയത്. കേവലം മൂന്ന് മണിക്കൂർ കൊണ്ട്, സിനിമാറ്റിക് രീതിയിലുള്ള നീക്കങ്ങളിലൂടെ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി അമ്മയുടെ കൈകളിൽ തിരികെ എത്തിക്കുകയായിരുന്നു.
ബോഡുപ്പലിൽ താമസിക്കുന്ന കുടുംബത്തിന്റെ പരിചരണത്തിനായി നിയോഗിച്ച വേലക്കാരിയാണ് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കുഞ്ഞിനെയുമായി മുങ്ങിയത്. കുഞ്ഞിനെയും വേലക്കാരിയെയും കാണാനില്ലെന്ന് മനസ്സിലാക്കിയ അമ്മ ഉടനടി 'ഡയൽ 100' വഴി പോലീസിനെ വിവരമറിയിക്കുകയും മേഡിപ്പള്ളി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയുമായിരുന്നു.
സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മൽക്കാജ്ഗിരി കമ്മീഷണറേറ്റിൻ്റെ മേൽനോട്ടത്തിൽ ഉപ്പൽ ഡിസിപി സുരേഷ് കുമാറിന്റെയും മേഡിപ്പള്ളി ഇൻസ്‌പെക്ടറുടെയും നേതൃത്വത്തിൽ 6 പ്രത്യേക അന്വേഷണ സംഘങ്ങൾ നിമിഷങ്ങൾക്കകം രൂപീകരിച്ചു. നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയതിനൊപ്പം പ്രതി അയൽ ജില്ലകളിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ദേവരകൊണ്ട, സൂര്യപേട്ട് ഡിഎസ്പിമാരുമായും പോലീസ് ആശയവിനിമയം നടത്തി.
പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ ഫോൺ ടവർ ലൊക്കേഷനുകളും കൃത്യമായി വിശകലനം ചെയ്തതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഹൈദരാബാദിലെ കർമൻഘട്ടിൽ വെച്ച് പോലീസ് സംഘം പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു. കുഞ്ഞിന് യാതൊരുവിധ പരിക്കുകളുമേറ്റില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ പരിക്കേൽക്കാതെ തിരികെ നൽകിയ തെലങ്കാന പോലീസിന്റെ സമയോചിതമായ ഇടപെടലിനെ കുടുംബാംഗങ്ങളും നാട്ടുകാരും വാനോളം പുകഴ്ത്തി. കരഞ്ഞുതളർന്ന അമ്മ ഉദ്യോഗസ്ഥർക്ക് മുന്നിൽ കൈകൂപ്പി നന്ദി പറഞ്ഞ രംഗം കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. വീടുകളിൽ ജോലിക്കാരെ നിർത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച പോലീസ്, മികച്ച ടീം വർക്കിലൂടെ കുട്ടിയെ രക്ഷപ്പെടുത്തിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.

Comments
Post a Comment