പെറ്റമ്മയുടെ നിർദേശപ്രകാരം അമ്മൂമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു 18-കാരിയായ ചെറുമകൾ പിടിയിൽ
ചടയമംഗലം: സ്വത്തുതർക്കത്തിന്റെ പേരിൽ 61-കാരിയായ വയോധികയുടെ മുഖത്തും കഴുത്തിലും തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ 18-കാരിയായ ചെറുമകളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ആയുർ സ്വദേശിനിയായ അമൃതയെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്. കേസിൽ രണ്ടാം പ്രതിയും കുപ്രസിദ്ധ ഹണിട്രാപ്പ് കേസ് പ്രതിയുമായ അമൃതയുടെ അമ്മ അശ്വതി അച്ചുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഈ മാസം 26-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആയുർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണി (61) വീടിന്റെ സിറ്റൗട്ടിൽ വിശ്രമിക്കുമ്പോൾ അമൃത തിളച്ച വെള്ളം എടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണിയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അമ്മയുടെ ഉപദേശപ്രകാരം ക്രൂരത
സ്വന്തം മാതാവായ അശ്വതി അച്ചു പറഞ്ഞിട്ടാണ് താൻ ഈ ക്രൂരത ചെയ്തതെന്ന് അറസ്റ്റിലായ അമൃത പോലീസിന് മൊഴി നൽകി. ഹണിട്രാപ്പ് ഉൾപ്പെടെ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ അശ്വതി അച്ചുവിന്റെ നിർദ്ദേശപ്രകാരമാണ് ചെറുമകൾ സ്വന്തം മുത്തശ്ശിയോട് ഈ അരുംക്രൂരത കാട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അശ്വതിക്കായി തിരുവനന്തപുരമടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
വയസ്സുകാലത്ത് തണലാകേണ്ട കൊച്ചുമകൾ സ്വത്തുതർക്കത്തിന്റെ പേരിൽ സ്വന്തം മുത്തശ്ശിയെ ദ്രോഹിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. അമൃതയ്ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിയെ ഉടൻ തന്നെ വലയിലാക്കുമെന്ന് ചടയമംഗലം പോലീസ് അറിയിച്ചു.

Comments
Post a Comment