കൈക്കുഞ്ഞുമായി പടിയിറങ്ങിയ പെൺകുട്ടി; ഇന്ന് തോളിൽ തിളങ്ങുന്നത് DySP-യുടെ മൂന്ന് നക്ഷത്രങ്ങൾ
ജയ്പൂർ: കടുത്ത ഗാർഹിക പീഡനത്തിനും കണ്ണീരിനും മുന്നിൽ അടിപതറാതെ, നിശ്ചയദാർഢ്യം കൊണ്ടു മാത്രം വിജയത്തിന്റെ കൊടുമുടി കീഴടക്കി മാതൃകയാവുകയാണ് ഹരിയാന സ്വദേശിയായ അഞ്ജു. ഭർത്താവിന്റെ ക്രൂരത സഹിക്കാനാകാതെ കൈക്കുഞ്ഞുമായി വീടിന്റെ പടിയിറങ്ങേണ്ടി വന്ന ഈ യുവതി, ഇന്ന് രാജസ്ഥാൻ പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) പദവിയിലാണ് തിളങ്ങിനിൽക്കുന്നത്. സോഷ്യൽ മീഡിയ ഒന്നടങ്കം നെഞ്ചിലേറ്റിയ അഞ്ജുവിന്റെ ഈ അതിജീവന ഗാഥ ആയിരക്കണക്കിന് സ്ത്രീകൾക്കാണ് വലിയ പ്രചോദനമാകുന്നത്.
വറുതി നിറഞ്ഞ ബാല്യവും വഴിമുട്ടിയ സ്വപ്നങ്ങളും
1988-ൽ ഹരിയാനയിലെ ധൗലെത് ഗ്രാമത്തിൽ ലാലോറാം-സുശീല ദേവി ദമ്പതികളുടെ മകളായാണ് അഞ്ജുവിന്റെ ജനനം. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച വളർന്ന അഞ്ജുവിന്റെ ബാല്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സാധാരണ കോളേജിൽ പോയി പഠിക്കാൻ സാധിക്കാതിരുന്നിട്ടും തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന അഞ്ജു, വിദൂരവിദ്യാഭ്യാസത്തിലൂടെ (Distance Education) ബിരുദം പൂർത്തിയാക്കുകയായിരുന്നു.
ദാമ്പത്യത്തിലെ കല്ലുകടികളും വേർപിരിയലും
21-ാം വയസ്സിൽ നിത്യാനന്ദുമായുള്ള വിവാഹത്തോടെയാണ് അഞ്ജുവിന്റെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുന്നത്. ഭർത്താവിന്റെ കടുത്ത മദ്യപാനവും നിരന്തരമുള്ള ശാരീരിക-മാനസിക പീഡനങ്ങളും അഞ്ജുവിന്റെ സ്വപ്നങ്ങൾക്ക് തടസ്സമായി. ഇതിനിടയിൽ ഒരു മകൻ പിറന്നെങ്കിലും ഭർത്താവിന്റെ ക്രൂരതയ്ക്ക് യാതൊരു കുറവുമുണ്ടായില്ല. ഒടുവിൽ കുഞ്ഞിന്റെ ഭാവി ഓർത്ത്, സ്വന്തം അന്തസ്സോടെ ജീവിക്കാൻ അഞ്ജു ആ വീടിന്റെ പടിയിറങ്ങി.
എന്നാൽ പ്രതിസന്ധികൾ അവിടെയും തീർന്നില്ല. ജീവനോപാധിക്കായി അഞ്ജു കണ്ടെത്തിയ ജോലിസ്ഥലങ്ങളിലെല്ലാം ഭർത്താവ് എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ പല ജോലികളും ഉപേക്ഷിക്കേണ്ടി വന്നു. ഒടുവിൽ നിയമപരമായി വേർപിരിയുക എന്നതായിരുന്നു അഞ്ജുവിന് മുന്നിലെ ഏക വഴി.
അധ്യാപികയിൽ നിന്ന് പോലീസ് മേധാവിലേക്ക്
വിധിയെ ശപിച്ച് പിന്മാറാൻ തയ്യാറാകാതിരുന്ന അഞ്ജു, മകനുവേണ്ടി കഠിനമായി പ്രയത്നിക്കാൻ തുടങ്ങി. സ്വന്തം അധ്വാനം കൊണ്ട് ആദ്യം സർക്കാർ സ്കൂളിൽ അധ്യാപികയായി ജോലി നേടി. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രത വന്നുവെങ്കിലും, തന്നിൽ ഉറങ്ങിയിരുന്ന പോരാട്ടവീര്യം അവിടം കൊണ്ടും അവസാനിപ്പിക്കാൻ അഞ്ജു തയ്യാറായില്ല.
രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (RAS) ലക്ഷ്യമിട്ട് അഹോരാത്രം പഠനത്തിൽ മുഴുകിയ അഞ്ജു, 2021-ൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ RAS പരീക്ഷ വിജയകരമായി പാസ്സായി. തുടർന്ന് 2023-ൽ പ്രഖ്യാപിച്ച അന്തിമ ഫലത്തിൽ രാജസ്ഥാൻ പോലീസ് സർവീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തിളങ്ങുന്ന നക്ഷത്രങ്ങളോടെ പുതിയ തുടക്കം
ജയ്‌പൂർ പോലീസ് അക്കാദമിയിലെ കഠിനമായ പരിശീലന ഘട്ടങ്ങൾ പൂർത്തിയാക്കി 2025 സെപ്റ്റംബറിൽ നടന്ന പാസിംഗ് ഔട്ട് പരേഡോടെ അഞ്ജു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയി ഔദ്യോഗിക ചുമതലയേറ്റെടുത്തു.
ഒരുകാലത്ത് ഒറ്റപ്പെടുത്താനും തളർത്താനും നോക്കിയവർക്ക് മുന്നിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന അഞ്ജു, പ്രതിസന്ധികളിൽ തളർന്നുപോകുന്ന ഏതൊരു വ്യക്തിക്കും, പ്രത്യേകിച്ചും അതിജീവനത്തിനായി പോരാടുന്ന സ്ത്രീകൾക്ക്, ഒരു പുതിയ പ്രതീക്ഷയും വലിയൊരു പ്രചോദനവുമാണ്.

Comments
Post a Comment