ഒരൊറ്റ ദിവസം കൊണ്ട് അമ്മയുടെ കണ്ണീർ മായ്ച്ചു; കവർച്ച ചെയ്യപ്പെട്ട പെട്ടിക്കട മണിക്കൂറുകൾക്കകം നിറച്ച് നൽകി പഞ്ചായത്ത് ഭാരവാഹികൾ
ആലക്കോട്: അടിയന്തര ഘട്ടങ്ങളിൽ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ജനപ്രതിനിധികളും ജീവനക്കാരും ഒത്തുചേർന്നപ്പോൾ ആലക്കോട്ടെ രാജമ്മയമ്മയ്ക്ക് (70) തിരിച്ചുകിട്ടിയത് ജീവിതത്തിലെ വലിയൊരു പ്രതീക്ഷ. കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ കവർച്ച നടത്തിയ പെട്ടിക്കട പഞ്ചായത്ത് പ്രസിഡന്റ് നെജോമോന്റെയും ജീവനക്കാരുടെയും ഇടപെടലിൽ മണിക്കൂറുകൾക്കകം പൂർണ്ണമായും പുനഃസ്ഥാപിച്ച് നൽകി.
പത്തനംതിട്ട ആലക്കോട് സ്വദേശിയായ രാജമ്മയമ്മ വർഷങ്ങളായി ചെറിയൊരു പെട്ടിക്കട നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുപോരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ ചില സാമൂഹ്യവിരുദ്ധർ ഈ പാവപ്പെട്ട അമ്മയുടെ പെട്ടിക്കട കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കവർച്ച ചെയ്യുകയായിരുന്നു. രാവിലെ കട തുറക്കാനെത്തിയ രാജമ്മ കണ്ടത് എല്ലാം നഷ്ടപ്പെട്ട് ശൂന്യമായ പെട്ടിക്കടയാണ്.
ഉപജീവനമാർഗ്ഗം പൂർണ്ണമായി അടഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ച അമ്മ ഒടുവിൽ സഹായം തേടി പഞ്ചായത്ത് ഓഫീസിലേക്ക് ഓടിയെത്തുകയായിരുന്നു. കരഞ്ഞുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് നെജോമോന് മുന്നിൽ വിഷമം പങ്കുവെച്ച അമ്മയെ അദ്ദേഹം സമാധാനിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു.
തുടർന്ന് അടിയന്തരമായി ഇടപെട്ട പ്രസിഡന്റും പഞ്ചായത്തിലെ ജീവനക്കാരും ചേർന്ന് സ്വന്തം കൈയിൽ നിന്ന് പണം സ്വരൂപിച്ച് കടയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഉടനടി വാങ്ങി. തുടർന്ന് ഈ സാധനങ്ങളുമായി രാജമ്മയമ്മയുടെ അടുത്തെത്തി അവയെല്ലാം കൈമാറുകയായിരുന്നു. കൂടാതെ, കടയിലെ ബിസിനസ്സ് വീണ്ടും പഴയപടിയാകുന്നത് വരെയുള്ള ദൈനംദിന ചെലവുകൾക്കായി കുറച്ചു തുകയും അമ്മയ്ക്ക് കൈമാറി.
സ്വന്തമായി വീടില്ലാത്ത രാജമ്മയമ്മയ്ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു സുരക്ഷിതമായ വീട് നിർമ്മിച്ച് നൽകാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ നെജോമോനും ഭരണസമിതിയും. ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് കൃത്യസമയത്ത് ആശ്വാസമേകിയ പ്രസിഡന്റിന്റെയും പഞ്ചായത്ത് ജീവനക്കാരുടെയും ഈ മാതൃകാപരമായ പ്രവർത്തനത്തിന് നാട്ടുകാരുടെയും വിവിധ കോണുകളുടെയും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments
Post a Comment