കണ്ണീരടങ്ങാതെ ഒരമ്മ: ആശ്വാസവാക്കുകൾ പോരാ, മകനെ കണ്ടെത്തണം; എഴാം നാളിലും കടുപ്പിച്ച് പ്രതിഷേധം
തിരുവനന്തപുരം: കാണാതായ മകനെ കണ്ടെത്താനുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് അമ്മ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെയും പോലീസ് വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ കടുത്ത അമർഷത്തോടും നിരാശയോടും കൂടിയാണ് കുടുംബം പ്രതിഷേധം തുടരുന്നത്.
തിരച്ചിൽ വൈകുന്നതിൽ പ്രതിഷേധിച്ച് സ്റ്റേഷന് മുന്നിലെത്തിയ മാതാവുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫിഷറീസ് വകുപ്പ് അധികൃതരും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ചകൾക്കൊടുവിൽ അധികൃതർ സ്വീകരിച്ച നിലപാട് കുടുംബത്തെ കൂടുതൽ മാനസികമായി ത തളർത്തുന്നതായിരുന്നു. ആവശ്യങ്ങൾ മുൻകൂട്ടി ഉന്നയിക്കാത്തതുകൊണ്ടാണ് തിരച്ചിലിനായി ലഭ്യമായ സംവിധാനങ്ങൾ സമയബന്ധിതമായി ഉപയോഗിക്കാതിരുന്നത് എന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
തങ്ങളെ എങ്ങനെയെങ്കിലും സ്ഥലത്തുനിന്ന് പറഞ്ഞുവിടാനുള്ള ധൃതി മാത്രമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നും, ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഇനി യാതൊരു വിശ്വാസവുമില്ലെന്നും മാതാവ് മാധ്യമങ്ങളോട് കണ്ണീരോടെ പറഞ്ഞു. ഫിഷറീസ് മന്ത്രിയോ ജില്ലാ കളക്ടറോ നേരിട്ടെത്തി വ്യക്തവും കൃത്യവുമായ ഉറപ്പുനൽകാതെ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് മാതാവും ബന്ധുക്കളും.
നേരത്തെ പിതാവും ഭർത്താവും വേർപിരിഞ്ഞ ഈ കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമായിരുന്നു കാണാതായ യുവാവ്. മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിന് തുല്യമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ നിർധന കുടുംബത്തിന് നീതി ഉറപ്പാക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും പ്രക്ഷോഭകരുടെയും ആവശ്യം.

Comments
Post a Comment