ഡ്രൈവർ നിയമന തർക്കം കൈയാങ്കളിയിൽ: കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാതക്ക് പരിക്ക്

 


കൂട്ടാലിട: ഹരിത കർമ്മ സേനയുടെ വാഹനത്തിൽ പുതിയ ഡ്രൈവറെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കം കോട്ടൂർ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ സംഘർഷത്തിലേക്ക് വഴിമാറി. ഭരണപക്ഷ-പ്രതിപക്ഷ മുന്നണികൾ തമ്മിൽ ഓഫീസിന് മുന്നിൽ വെച്ചുണ്ടായ കൈയാങ്കളിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുജാതക്ക് ഗുരുതരമായി പരിക്കേറ്റു.

​പ്രതിപക്ഷം പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി രാവിലെ ഓഫീസിലേക്ക് എത്തിയ പ്രസിഡന്റിനെ ഗേറ്റിൽ വെച്ച് പ്രതിപക്ഷ അംഗങ്ങൾ അടങ്ങുന്ന സംഘം തടയുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ സി.പി.എം, എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു.

​ആക്രമണത്തിൽ ബോധരഹിതയായി വീണ പ്രസിഡന്റിനെ ഉടൻ തന്നെ പൊലീസിന്റെ സഹായത്തോടെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

​എൽ.ഡി.എഫ് വനിതകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നതിനാൽ ബാലുശ്ശേരി എസ്.ഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ അക്രമം തടയുന്നതിലോ പഞ്ചായത്ത് പ്രസിഡന്റിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിലോ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി യുഡിഎഫ് കുറ്റപ്പെടുത്തി.

​പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി