പച്ചക്കറിക്കാരി മുതൽ വീട്ടുജോലിക്കാരി വരെ! മരണം അരികിൽ നിൽക്കുമ്പോഴും വിറയ്ക്കാത്ത കൈകളോടെ രജനി
മുംബൈ: ചിലപ്പോൾ വീട്ടുജോലിക്കാരി, മറ്റു ചിലപ്പോൾ പച്ചക്കറി വിൽപ്പനക്കാരി, അല്ലങ്കിൽ കാഴ്ചയില്ലാത്ത സ്ത്രീ... സാഹചര്യങ്ങൾക്കനുസരിച്ച് അറിഞ്ഞുകൊണ്ട് പലതരം വേഷങ്ങൾ അണിഞ്ഞെത്തിയാണ് ഇന്ത്യയുടെ ആദ്യ പ്രൈവറ്റ് വനിതാ ഡിറ്റക്റ്റീവ് രജനി പണ്ഡിറ്റ് കേസുകൾ തെളിയിച്ചിരുന്നത്. നാലു പതിറ്റാണ്ട് നീണ്ട തൻ്റെ കരിയറിൽ കൊലപാതകവും തട്ടിപ്പും ഉൾപ്പെടെ എൺപതിനായിരത്തോളം കേസുകളാണ് ഇവർ നിയമത്തിനു മുന്നിലെത്തിച്ചത്. പ്രമുഖ നടി ഛവി മിത്തലുമായുള്ള പോഡ്കാസ്റ്റിലാണ് രജനി തൻ്റെ കരിയറിലെ അനുഭവങ്ങളും വെല്ലുവിളികളും തുറന്നു പറഞ്ഞത്. ഈ ജോലിയിലേക്ക് കടന്നുവന്ന കാലം മുതൽ മരണം തൻ്റെ അരികിൽ തന്നെയുണ്ടായിരുന്നുവെന്ന് രജനി വെളിപ്പെടുത്തുന്നു.
തുടക്കം യാദൃച്ഛികം; കോളേജ് കാലത്തെ മിടുക്ക്
വളരെ ആകസ്മികമായാണ് രജനി അന്വേഷണ മേഖലയിലേക്ക് എത്തിയത്. കോളേജ് പഠനകാലത്ത് ഒരു സഹപാഠിയുടെ വിലപ്പെട്ട വസ്തു കാണാതായ സംഭവമാണ് വഴിത്തിരിവായത്. ആളുകളെയും അവരുടെ പെരുമാറ്റങ്ങളെയും തിരിച്ചറിയുന്നതിൽ ചെറുപ്പം മുതലേ കഴിവുണ്ടായിരുന്ന രജനി, വളരെ പെട്ടെന്നുതന്നെ യഥാർത്ഥ മോഷ്ടാവിനെ കണ്ടെത്തി. ഈ സംഭവം കോളേജിൽ വലിയ വാർത്തയായി.
തുടർന്ന്, കാണാതായ ബന്ധുക്കളെ കണ്ടെത്താനും വ്യക്തിപരമായ തർക്കങ്ങൾ പരിഹരിക്കാനുമെല്ലാം സഹപാഠികൾ രജനിയുടെ സഹായം തേടിയെത്തി. അങ്ങനെ വെറുമൊരു കൗതുകത്തിന്റെ പുറത്ത് തുടങ്ങിയ ഡിറ്റക്റ്റീവ് പണി ഒടുവിൽ രജനിയുടെ ജീവിതവ്രതവും പ്രിയപ്പെട്ട തൊഴിലുമായി മാറുകയായിരുന്നു.
24-ാം വയസ്സിൽ സ്വന്തം ഏജൻസി
1986-ൽ, വെറും 24 വയസ്സുള്ളപ്പോഴാണ് രജനി 'ഇൻവെസ്റ്റിഗേറ്റീവ് ബ്യൂറോ' എന്ന പേരിൽ സ്വന്തമായി ഒരു ഏജൻസി ആരംഭിക്കുന്നത്. പിന്നീട് ഇതിന്റെ പേര് 'രജനി പണ്ഡിറ്റ് ഡിറ്റക്റ്റീവ് സർവീസസ്' എന്ന് പുനർനാമകരണം ചെയ്തു.
ചെറുപ്പം മുതലേ ഡിറ്റക്റ്റീവ് ജോലിയിൽ മുഴുകിയതിനാൽ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ലെന്ന് രജനി പറയുന്നു. "ജീവിതപങ്കാളിയാകാൻ ചേരുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാൻ പോലും സാധിച്ചില്ല. ഇപ്പോഴും സ്വസ്ഥമായി ഇരുന്ന് ടിവി കാണാൻ പോലും കഴിയില്ല, ഫോൺ എപ്പോഴും റിങ് ചെയ്തുകൊണ്ടിരിക്കും," - രജനി വ്യക്തമാക്കുന്നു.
വേഷംമാറിയുള്ള പോരാട്ടം; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ
ഒരു ഇരട്ടക്കൊലപാതക കേസിൽ തെളിവുണ്ടാക്കുന്നതിനായി, കുറ്റവാളിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ വീട്ടിൽ രജനി വീട്ടുജോലിക്കാരിയായി വേഷംമാറി താമസം തുടങ്ങി. അതീവ അപകടകരമായ സാഹചര്യമായിരുന്നു അത്. രഹസ്യമായി അവരുടെ സംഭാഷണങ്ങൾ രേഖപ്പെടുത്തി ഓരോ തെളിവുകളായി ശേഖരിച്ചു. ഒരു ദിവസം റെക്കോഡറിന്റെ ക്ലിക്ക് ശബ്ദം അവർ കേട്ടതോടെ അപകടസാധ്യത വർദ്ധിച്ചു. എന്നാൽ അപ്പോഴേക്കും കേസിനാവശ്യമായ പരമാവധി തെളിവുകൾ ശേഖരിക്കാൻ രജനിക്ക് കഴിഞ്ഞിരുന്നു. ഒടുവിൽ ആ കേസിൽ പ്രതികൾ പിടിയിലാവുകയും ചെയ്തു.
കുറ്റവാളികളെ കണ്ടെത്തൽ മാത്രമല്ല; സാമൂഹിക സേവനവും
കുറ്റകൃത്യങ്ങൾ ചെയ്തവരെ കണ്ടെത്താൻ മാത്രമല്ല രജനി സമയം മാറ്റിവെക്കുന്നത്. വഴക്കാളികളായ കുട്ടികളെ തിരുത്താനും, തകർച്ചയുടെ വക്കിലെത്തിയ കുടുംബബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാനും, ലഹരിക്ക് അടിമപ്പെട്ടവരെ അതിൽനിന്ന് മുക്തരാക്കാനുമെല്ലാം ഇവർ മുന്നിലുണ്ട്.
സ്വന്തം കേസിൽ പൈറസി റാക്കറ്റിനെ പൂട്ടിച്ചു
ഒരിക്കൽ സ്വന്തം കേസിൽ അന്വേഷണം നടത്തിയ ചരിത്രവും രജനിക്കുണ്ട്. താനെഴുതിയ പുസ്തകം അനധികൃതമായി കോപ്പിയടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ വലിയൊരു പൈറസി റാക്കറ്റിനെത്തന്നെയാണ് രജനി വെളിച്ചത്തുകൊണ്ടുവന്നത്. അന്വേഷണത്തിനിടെ നിരവധി വധഭീഷണികൾ ലഭിച്ചെങ്കിലും നിയമത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ആ കേസിൽ വിജയം കാണുകയും ചെയ്തു.
സാഹസികതയും ത്യാഗവും നിറഞ്ഞതാണ് രജനി പണ്ഡിറ്റിന്റെ ജീവിതം. ഭയമില്ലാത്ത നിലപാടുകളും കഠിനാധ്വാനവുമാണ് ഇന്നും അവരെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ സ്വകാര്യ അന്വേഷകയായി നിലനിർത്തുന്നത്.

Comments
Post a Comment