സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ ഹൈജമ്പിൽ വെങ്കല തിളക്കം ;കുളത്തുവയൽ സെന്റ് ജോർജ്ജ് എച്ച്.എസ്.എസിന് അഭിമാന നിമിഷം
കുളത്തുവയൽ: ഈ വർഷത്തെ സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിൽ മിന്നുന്ന പ്രകടനവുമായി കുളത്തുവയലിന്റെ കായികതാരം. മീറ്റിലെ ഹൈജംപ് മത്സരത്തിൽ വെങ്കല മെഡൽ നേടിയാണ് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. വിദ്യാർത്ഥിനിയായ ധ്യാന ലിനീഷ് നാടിന് അഭിമാനമായി മാറിയത്.
ശക്തമായ പോരാട്ടം നടന്ന ഹൈജംപ് പിറ്റിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ധ്യാന മെഡൽ നേട്ടം സ്വന്തമാക്കിയത്. മുൻപും നിരവധി കായികമേളകളിൽ സ്കൂളിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഈ വളർന്നുവരുന്ന താരം, സംസ്ഥാന തലത്തിൽ കൈവരിച്ച ഈ നേട്ടം കുളത്തുവയൽ സെന്റ് ജോർജ്ജ് സ്കൂളിനും നാടിനും ഒരുപോലെ ഹർഷാരവമേകുന്നു.
ഏഷ്യൻ മാസ്റ്റേഴ്‌സ് മീറ്റ് സ്വർണ മെഡൽ ജേതാവും പ്രമുഖ കായിക പരിശീലകനുമായ കെ.എം. പീറ്റർ, സെന്റ് ജോർജ്ജ് എച്ച്.എസ്.എസിലെ കായികാധ്യാപിക സിനി ജോസഫ് എന്നിവരുടെ കഠിനശിക്ഷണവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുമാണ് ധ്യാനയുടെ ഈ നേട്ടത്തിന് കരുത്തായത്. കൃത്യമായ പരിശീലനവും കായികരംഗത്തോടുള്ള കഠിനാധ്വാനവുമാണ് ധ്യാനയെ ട്രാക്കിലും ഫീൽഡിലും ഒരുപോലെ മിടുക്കിയാക്കി മാറ്റിയത്.
ഭാവിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ധ്യാനയ്ക്ക് സാധിക്കുമെന്നാണ് പരിശീലകരും സ്കൂൾ അധികൃതരും പ്രതീക്ഷ പങ്കുവെക്കുന്നത്. സംസ്ഥാന തലത്തിൽ വെങ്കല മെഡൽ നേടി തിളങ്ങിയ ധ്യാന ലിനീഷിനെ സ്കൂൾ മാനേജ്‌മെന്റും, അധ്യാപകരും, നാട്ടുകാരും ചേർന്ന് അനുമോദിച്ചു

Comments
Post a Comment