ചെമ്പ്ര - ചക്കിട്ടപാറ മലയോര ഹൈവേയിൽ വൻ ഗർത്തം
ചെമ്പ്ര: നിർമാണത്തിലിരിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ ചെമ്പ്ര-ചക്കിട്ടപ്പാറ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു പ്രദേശ്വാസികളെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവം.
റോഡിന്റെ ഒരു വശം വൻതോതിൽ ഇടിഞ്ഞുതാഴ്ന്ന് ഗർത്തമുണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും പോലീസും ചേർന്ന് ബാരിക്കേഡുകൾ ഉയർത്തി അപകടമേഖല പൂർണമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ
റോഡ് നിർമാണം ആരംഭിച്ച സമയം മുതൽ തന്നെ തകരാറിലുള്ള പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും പലവട്ടം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇത് പൂർണമായി അവഗണിച്ച് പൈപ്പിന് മുകളിലൂടെ തകൃതിയായി റോഡ് നിർമാണം തുടരുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അറ്റകുറ്റപ്പണി നടത്താത്തതും ദ്രവിച്ചതുമായ പഴയ പൈപ്പിലെ വൻ ജലസമ്മർദമാണ് റോഡ് താഴേക്ക് ഇടിയാൻ കാരണമായത്. നിർമാണ ചുമതലയുള്ള വകുപ്പുകളുടെയും കരാറുകാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഈ അപകടത്തിന് വഴിവെച്ചതെന്ന് ശക്തമായ ആക്ഷേപമുണ്ട്.
വൻ ദുരന്തം ഒഴിവായി
വൈകുന്നേരത്തെ തിരക്കേറിയ സമയത്താണ് സംഭവം നടന്നതെങ്കിലും ആ സമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. വലിയ വാഹനങ്ങൾ പോകുന്ന സമയത്തായിരുന്നു അപകടമെങ്കിൽ വൻ അപായം സംഭവിച്ചേനെ.
അടിയന്തരമായി പൈപ്പ് ലൈൻ അറ്റകുറ്റപ്പണി തീർത്ത് ഗർത്തം നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Comments
Post a Comment