അധ്യാപകർ 'രക്ഷകരായി'; പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ഏഴുവയസ്സുകാരിയെ മോചിപ്പിച്ചു: അച്ഛനും രണ്ടാനമ്മയും പിടിയിൽ

 


തിരുവനന്തപുരം: വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഏഴുവയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും പിടിയിൽ. ബാലരാമപുരം സ്വദേശി സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ചാക്ക വയ്യാമൂലയിലെ വാടകവീട്ടിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

​കുട്ടി കഴിഞ്ഞ രണ്ടുദിവസമായി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയ അധ്യാപകരുടെ സമയോചിതമായ ഇടപെടലാണ് ദാരുണമായ ഈ സംഭവം പുറത്തുകൊണ്ടുവന്നത്. സ്കൂളിൽ വരാത്തതിന്റെ കാരണം തിരക്കി അധ്യാപകർ വയ്യാമൂലയിലെ വാടകവീട്ടിലെത്തിയപ്പോൾ കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അധ്യാപകർ ഉടനടി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി പൂട്ടുപൊളിച്ചാണ് കുട്ടിയെ സുരക്ഷിതമായി മോചിപ്പിച്ചത്.

​കുട്ടിയുടെ ശരീരത്തിലുടനീളം മുൻപും ക്രൂരമായി മർദ്ദനമേറ്റതിന്റെയും നുള്ളിപ്പരിക്കേൽപ്പിച്ചതിന്റെയും പഴയതും പുതിയതുമായ പാടുകളുണ്ട്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൂടുതൽ വൈദ്യപരിശോധനകൾക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റി.

​സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വലിയതുറ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടി സ്കൂളിൽ വരാതിരുന്നപ്പോൾ കൃത്യസമയത്ത് വീടുവരെ അന്വേഷിച്ചെത്തി വലിയൊരു ദുരന്തത്തിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അധ്യാപകരുടെ മാതൃകാപരമായ ജാഗ്രതയ്ക്ക് വലിയ പ്രശംസയാണ് സമൂഹമാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും ലഭിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി