മനുഷ്യ ജീവനെടുത്ത ഒറ്റയാൻ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണം; വിലങ്ങാട്ട് പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്നു
വിലങ്ങാട് : ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയും ജനങ്ങളെ ഭീതിയുടെ മുൾമുനയിലാക്കിയും കാട്ടുപോത്തിന്റെ ജീവനെടുക്കൽ. വായാട് ഊരിലെ വേലിയേരി സുനിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശം ഒന്നടങ്കം വൻ പ്രതിഷേധത്തിലാണ്. മനുഷ്യജീവന് ഭീഷണിയായ, ജനവാസമേഖലയിൽ ഭീതി വിതക്കുന്ന ഒറ്റയാൻ കാട്ടുപോത്തിനെ ഉടനടി വെടിവെച്ചുകൊല്ലാൻ വനംവകുപ്പും അധികൃതരും തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. വായാട് തെക്ക് നെല്ലിപ്പുഴ ചാക്കോച്ചന്റെ കൃഷിയിടത്തിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഓണാവധിക്ക് നാട്ടിലെത്തിയ സുനിൽ, വനംവകുപ്പ് ജീവനക്കാർക്കൊപ്പം കാട്ടുപോത്തിനെ തുരത്താൻ പോയതായിരുന്നു. എന്നാൽ, നിമിഷങ്ങൾക്കകം അപ്രതീക്ഷിതമായി മുന്നിലെത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ പെട്ടുപോവുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അലംബമാണ് ഈ ദാരുണ സംഭവത്തോടെ ഇല്ലാതായത്.
പ്രഹസനമായി സോളാർ വേലികൾ; വനംവകുപ്പിനെതിരെ കടുത്ത അമർഷം
മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായതിനെ തുടർന്ന് വനംവകുപ്പ് സോളാർ വേലി നിർമ്മിച്ചിരുന്നെങ്കിലും, അവയെല്ലാം മറികടന്നാണ് വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. സോളാർ വേലികളുടെ ഫലപ്രാപ്തിയില്ലായ്മയാണ് ഇത് വ്യക്തമാക്കുന്നത് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു.
മതിയായ സുരക്ഷാ സംവിധാനങ്ങളോ ആധുനിക ഉപകരണങ്ങളോ ഇല്ലാതെ അപകടകാരികളായ വന്യമൃഗങ്ങളെ നേരിടാൻ ഇറങ്ങുന്ന താഴെത്തട്ടിലുള്ള വനംവകുപ്പ് ജീവനക്കാരുടെയും, അവരെ സഹായിക്കാൻ കൂടെപ്പോകുന്ന സാധാരണക്കാരായ നാട്ടുകാരുടെയും ജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണുള്ളത്. സുനിലിന്റെ മരണം ഇതിന്റെ വ്യക്തമായ തെളിവാണ്.
നിരന്തര ഭീതിയിൽ വിലങ്ങാട്ടുകാർ
സുനിലിന്റെ ജീവനെടുത്ത ഈ ഒറ്റയാൻ കാട്ടുപോത്ത് മുൻപും സോളാർ വേലികൾ തകർത്ത് കൃഷിയിടങ്ങളിലിറങ്ങി വലിയ രീതിയിൽ കൃഷി നാശം വരുത്തിയിരുന്നു. പലപ്പോഴും കർഷകരും സമീപവാസികളും ഇതിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരുന്നത്. നിരന്തരം ആക്രമണകാരിയായ ഈ വന്യമൃഗത്തെ പ്രദേശത്തുനിന്ന് അടിയന്തിരമായി നീക്കം ചെയ്യുകയോ വെടിവെച്ചുകൊല്ലുകയോ ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.
അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനും വനംവകുപ്പ് ഓഫീസുകൾ ഉപരോധിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ ഉടനടി ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

Comments
Post a Comment