ഉറ്റ സുഹൃത്ത് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. വിശ്വസിക്കാൻ ആവാതെ കുടുംബം
.
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രവാസി മലയാളി സമൂഹം ഞെട്ടലിൽ. തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പൊതുസുഹൃത്തായ അനില എന്ന മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാലിഫോർണിയയിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തിയ അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്.
അഞ്ജന അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് വിജീഷ് ഉടൻതന്നെ ആനിന്റെ ഭർത്താവ് ജേക്കബിനെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് ജേക്കബ് ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. സംശയം തോന്നി ഫ്ലാറ്റിലെത്തിയപ്പോഴാണ് ആനിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരേ സൗഹൃദവലയത്തിൽപ്പെട്ട രണ്ട് യുവതികൾ ഒരേദിവസം കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിജീഷ്-അഞ്ജന ദമ്പതികൾക്ക് വാമിക എന്ന ഒരു മകളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Comments
Post a Comment