ചക്കിട്ടപാറ കുളത്തുവയലിൽ മലിന ജലം തള്ളി: പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ചക്കിട്ടപാറ: പഞ്ചായത്തിലെ കൂടക്കൊല്ലി ഭാഗത്ത് മലിന ജലം പരസ്യമായി തള്ളിയ സംഭവത്തിൽ കുറ്റക്കാരായ കരാർ കമ്പനിക്ക് പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്തുവെന്നാരോപിച്ച്പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചത്. മലിന ജലം തള്ളുന്നതിനിടെ രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രകോപിതരായ നാട്ടുകാർ വാഹനം തടഞ്ഞുവെക്കുകയും ഉടൻതന്നെ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി.
എന്നാൽ, പിന്നീട് പഞ്ചായത്ത് ഭരണസമിതിയുടെയും ഇടപെടലിനെ തുടർന്ന് വൻ ക്രമക്കേട് നടന്നതായാണ് ആരോപണം. ആരോഗ്യ വകുപ്പിനെ വിവരമറിയിച്ച് വാഹനം പോലീസിന് കൈമാറി നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം, മലിന ജലം തള്ളിയ കരാർ കമ്പനിക്ക് അനുകൂലമായി വെറും 3000 രൂപ മാത്രം പിഴ ഈടാക്കി വാഹനം വിട്ടുനൽകുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചു നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എൻ. ബി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് നിഖിൽ നരിനട അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അർജുൻ ദേവ്, ഇ. എം. ശ്രീജിത്ത്, അനുജിത്ത്, കൃഷ്‌ണേന്ദു, സുബിൻ ബാബു എന്നിവർ യോഗത്തിൽ സംസാരിച്ചു. ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments
Post a Comment