അധ്യാപികയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ: "ഞാൻ ഒരാളെ കൊന്നു"; പോലീസിലെത്തി കീഴടങ്ങി സുഹൃത്ത്
ചെറുതുരുത്തി: ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയെ ലോഡ്ജ് മുറിയിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറുവർഷമായി പരിചയമുള്ള സുഹൃത്ത് പൊലീസിന് മുന്നിൽ കീഴടങ്ങി. മലപ്പുറം വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി വിജീഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി വിജീഷ് നേരിട്ട് കീഴടങ്ങുകയായിരുന്നു. "ഞാൻ ഒരാളെ കൊന്നു" എന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. ഉടൻതന്നെ തേഞ്ഞിപ്പലം പൊലീസ് ചെറുതുരുത്തി പൊലീസി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപമുള്ള 'ഹന്ന റസിഡൻസി'യിലെ മുറിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.
വിവാഹ അഭ്യർത്ഥന നിരസിച്ചതിലെ തർക്കം; കൊലപാതകം ചൊവ്വാഴ്ച രാത്രിയെന്ന് സംശയം
ചൊവ്വാഴ്ച രാത്രിയോടെയാണ് ധനലക്ഷ്മിയും വിജീഷും ചെറുതുരുത്തിയിലെ ലോഡ്ജിലെത്തി മുറിയെടുത്തത്. രാത്രിയിലുണ്ടായ തർക്കത്തിനിടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. തന്നെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിരന്തരം നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിജീഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി ഇരുവരും തമ്മിൽ അടുത്ത പരിചയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി തന്നെ കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം ഊർജ്ജിതം
സംഭവത്തിൽ ചെറുതുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള വിജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ചെറുതുരുത്തി, ഷൊർണൂർ മേഖലകളിൽ നൃത്ത അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്ന ധനലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗവാർത്തയും കൊലപാതക വിവരവും നാട്ടുകാരെയും സഹപ്രവർത്തകരെയും വലിയ ഞെട്ടലിലാഴ്ത്തിയിട്ടുണ്ട്.

Comments
Post a Comment