വിളക്ക് കൊളുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി വിടപറഞ്ഞു
മഞ്ചേരി: നാടിന്റെ മുഴുവൻ പ്രാർത്ഥനകളെയും കണ്ണീരിലാഴ്ത്തി ഏഴുവയസ്സുകാരി അവനി യാത്രയായി. വിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിൽ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് മാസമായി ചികിത്സയിലായിരുന്ന കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. പൊള്ളലേറ്റ മുറിവുകൾ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ന്യൂമോണിയ ബാധിച്ചതാണ് ജീവനെടുത്തത്.
തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് സ്വദേശികളായ സുനീഷിന്റെയും ജിൻഷിയുടെയും മകളാണ് അവനി. ആമയൂർ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. അമയ് മഹാദേവനാണ് ഏക സഹോദരൻ.
രണ്ട് മാസം മുൻപാണ് വീടിന്റെ പൂജാമുറിയിൽ വിളക്ക് കൊളുത്തുന്നതിനിടെ അബദ്ധത്തിൽ അവനിയുടെ വസ്ത്രത്തിൽ തീപിടിച്ചത്. പെട്ടെന്ന് തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തീ അണച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നീണ്ട രണ്ട് മാസത്തെ മികച്ച ചികിത്സയിലൂടെ കുട്ടി അപകടനില തരണം ചെയ്യുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായി കുട്ടിയെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യനില വീണ്ടും വഷളാവുകയും ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾ ഫലം കാണാതെ തിങ്കളാഴ്ച വിടപറയുകയുമായിരുന്നു.
ചേച്ചി സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലായിരുന്ന കൊച്ചുസഹോദരൻ അമയ് മഹാദേവനും കുടുംബത്തിനും അവനിയുടെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്. കുഞ്ഞിന്റെ വേർപാടിൽ ആമയൂർ ഗ്രാമവും പഠിച്ചിരുന്ന വിദ്യാലയവും കടുത്ത ദുഃഖത്തിലാണ്.

Comments
Post a Comment