കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കിഫ
കൂരാച്ചുണ്ട്: വിലങ്ങാട് വായാട് മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പ്രദേശവാസിയായ യുവാവ് സുനിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ കേരള സ്വതന്ത്ര കർഷക സംഘടന (KIFA) കോഴിക്കോട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഒരു യുവകർഷകന്റെ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് കിഫ ആരോപിച്ചു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമായിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങളോ സജ്ജീകരണങ്ങളോ ഒരുക്കാതെയാണ് ഉദ്യോഗസ്ഥർ വനപാലക സംഘത്തോടൊപ്പം നാട്ടുകാരെയും കാട്ടുമൃഗങ്ങളെ തുരത്താൻ ഒപ്പം കൂട്ടിയത്. വന്യജീവികളെ തുരത്തുന്നതുൾപ്പെടെയുള്ള അപകടകരമായ ജോലികളിൽ സാധാരണക്കാരായ പൊതുജനങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കിഫ ചൂണ്ടിക്കാട്ടി.
യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പൊതുജനങ്ങളെ അപകടകരമായ ദൗത്യത്തിൽ പങ്കാളികളാക്കിയ ഉത്തരവാദിയായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരേ നരഹത്യയ്ക്ക് കേസെടുക്കണം. പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതും സുനിലിന്റെ മരണത്തിന് കാരണവുമായ അക്രമകാരിയായ കാട്ടുപോത്തിനെ ഉടൻ തന്നെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം. കൊല്ലപ്പെട്ട സുനിലിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും ആശ്രിതർക്ക് അനുയോജ്യമായ ജോലിയും നൽകാൻ സർക്കാർ തയ്യാറാകണം.
മനുഷ്യന്റെ ജീവനേക്കാൾ വന്യജീവികൾക്ക് പ്രാധാന്യം നൽകുന്ന വനം വകുപ്പിന്റെയും സർക്കാരിന്റെയും നയം കർഷകരെ പ്രകോപിപ്പിക്കുന്നതാണെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെല്ലി തടത്തിൽ പ്രസ്താവിച്ചു. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് കിഫ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Comments
Post a Comment