ഗൃഹപ്രവേശത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വീടിനടിയിൽ ഭീമൻ ഗർത്തം;
ആനക്കൽ (കാസർഗോഡ്): ഗൃഹപ്രവേശം ഈ മാസം 28-ന് നടക്കാനിരിക്കെ, കഠിനാധ്വാനം കൊണ്ട് പണിതുയർത്തിയ ഒറ്റനില കോൺക്രീറ്റ് വീടിനടിയിൽ ഭീമൻ ഗർത്തം രൂപപ്പെട്ടത് കുടുംബത്തെ കടുത്ത നിരാശയിലും ആശങ്കയിലുമാക്കി. ആനക്കൽ ഒറ്റമാവുങ്കാൽ സ്വദേശിയും ടൈൽസ് തൊഴിലാളിയുമായ കെ. സദന്റെ ജീവിതസമ്പാദ്യം കൊണ്ട് നിർമ്മിച്ച വീടാണ് ഇപ്പോൾ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് വീടിനു പിന്നിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കക്കൂസ് കുഴി എടുക്കുന്നതിനിടയിലാണ് സംഭവം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തുടക്കത്തിൽ വളരെ ചെറിയൊരു കുഴിയായി മാത്രമാണ് ഇത് കണ്ടത്. കുട്ടികൾ കളിക്കുന്നതിനിടെ അതിലേക്ക് മണ്ണുമാന്തിയിട്ട് മൂടിയെങ്കിലും പിറ്റേദിവസം നോക്കുമ്പോൾ ആ മണ്ണെല്ലാം ഒലിച്ചുപോയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വീടിന്റെ അടിഭാഗം പൂർണ്ണമായും വലിയൊരു ഗർത്തമാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം വെളിപ്പെട്ടത്.
അടിത്തറ വായുവിൽ; താഴെ ശക്തമായ നീരൊഴുക്ക്
ചരിവുള്ള കുന്നിൻ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏണി വെച്ച് ഗർത്തത്തിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ അടിത്തറ മുഴുവനായും വലിയ കുഴിയുടെ മുകളിലാണ് നിൽക്കുന്നതെന്ന് കുടുംബാംഗങ്ങൾ മനസ്സിലാക്കിയത്. അടുത്തിടെ പെയ്ത കനത്ത മഴയിൽ ഈ ഗർത്തത്തിലൂടെ ശക്തമായ തോതിൽ വെള്ളം കുത്തിയൊലിച്ചു പോകുന്നുമുണ്ട്.
വീടിനു താഴെയായി ഏകദേശം 150 മീറ്റർ അകലെയുള്ള ഒരു തോട്ടത്തിലെ കുളത്തിലേക്കാണ് ഈ വെള്ളം ചെന്നെത്തുന്നത്. ഗർത്തത്തിൽ നിന്നുള്ള മണ്ണും കലങ്ങിയ വെള്ളവും ഈ കുളത്തിൽ വന്ന് നിറയുന്നതായും സദൻ വ്യക്തമാക്കുന്നു.
തകർന്നത് ജീവിത സമ്പാദ്യം
മൂന്നു വർഷം മുൻപാണ് സദൻ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. ബാങ്കിൽ നിന്ന് വായ്പയെടുത്തും ഭാര്യയുടെ സ്വർണ്ണം വിറ്റും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് ടൈൽസ് പണിക്കാരനായ സദൻ തങ്ങളുടെ വലിയൊരു സ്വപ്നം പൂർത്തിയാക്കിയത്. എന്നാൽ ഗൃഹപ്രവേശത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായി മാറിയതിന്റെ കടുത്ത ആഘാതത്തിലാണ് ഈ കുടുംബം. അനേകവർഷത്തെ അധ്വാനവും പ്രതീക്ഷകളും നിമിഷനേരം കൊണ്ട് തകർന്നടിഞ്ഞതിന്റെ വലിയ വേദനയിലാണ് സദനും കുടുംബവും ഇപ്പോൾ കഴിയുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലും സഹായവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Comments
Post a Comment