വീണ് നട്ടെല്ല് തകർന്നിട്ടും ആശുപത്രിയിലാക്കാൻ മണിക്കൂറുകളുടെ വൈകിപ്പിക്കൽ; മാധവന്റെ മരണത്തിൽ അയൽവാസിക്കെതിരെ കേസ് ശക്തമാക്കി പോലീസ്
നൂൽപ്പുഴ: വളം ചാക്ക് ചുമന്നു കൊണ്ടുപോകുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോത്രവിഭാഗക്കാരനായ തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ പോലീസ് കേസെടുത്തു. അനാസ്ഥ കാണിച്ചതിനാണ് ജോലിക്ക് വിളിച്ചുവരുത്തിയ അയൽവാസിയായ ശ്രീധരനെതിരെ നൂൽപ്പുഴ പോലീസ് നടപടിയെടുത്തത്.
നൂൽപ്പുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) ആണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ ജൂലൈ 29-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ശ്രീധരന്റെ വീട്ടിൽ ജോലിക്കെത്തിയ മാധവൻ, രാസവളച്ചാക്ക് പുറത്ത് ചുമന്നുകൊണ്ട് പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് വീഴുകയായിരുന്നു.
വീഴ്ചയിൽ മാധവന്റെ നട്ടെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകളോളം വൈകിച്ചതായും വിവരം ബന്ധുക്കളെ ഉടൻ അറിയിച്ചില്ലെന്നും പോലീസ് കണ്ടെത്തി. അപകടം സംഭവിച്ച ദിവസം രാത്രിയോടെയാണ് മാധവനെ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അസുഖം മൂർച്ഛിക്കുകയും മാധവൻ മരണപ്പെടുകയുമായിരുന്നു.
ആദ്യഘട്ടത്തിൽ നൂൽപ്പുഴ പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ, പരിക്കേറ്റ മാധവന് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാതിരുന്നതിലും അപകടവിവരം മറച്ചുവെച്ചതിലും ഗുരുതരമായ ഉപേക്ഷയുണ്ടായെന്ന് വ്യക്തമായതോടെയാണ് നടപടി കടുപ്പിച്ചത്. ശരീരസുരക്ഷയ്ക്ക് അപായമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും ഉപേക്ഷ കാരണം മരണത്തിനിടയാക്കിയതിനും ഭാരതീയ ന്യായ സംഹിത () പ്രകാരവും പട്ടികജാതി-പട്ടികവർഗ അതിക്രമ തടയൽ () നിയമപ്രകാരവുമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കേസിന്റെ സമഗ്ര അന്വേഷണത്തിനായി നടപടികൾ എസ്.എം.എസിന് () കൈമാറി.

Comments
Post a Comment