താമരശ്ശേരിയിൽ വീടുകയറി ആക്രമണം: കാറിന് തീയിട്ടു; വീട്ടമ്മയ്ക്ക് നേരെ പെട്രോളൊഴിച്ചു; അക്രമി പിടിയിൽ
താമരശ്ശേരി: പുലർച്ചെ ഉറങ്ങിക്കിടന്ന കുടുംബത്തിന് നേരെ അപ്രതീക്ഷിത ആക്രമണം. താമരശ്ശേരി അംബേദ്കർ ഉന്നതിയിലെ ജോമോന്റെ വീടിന് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയും വീട്ടമ്മയുടെ ദേഹത്ത് പെട്രോളൊഴിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാരപ്പറ്റ സ്വദേശി അർജുനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജോമോന്റെ വീടിന്റെ മുറ്റത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാർ കാർ ആളിക്കത്തുന്നത് കണ്ട് പരിഭ്രാന്തരായി തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തെ റോഡിലൂടെ നടന്നുവന്ന യുവാവ് താനാണ് കാറിന് തീയിട്ടതെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. യാതൊരു കൂസലുമില്ലാതെ അടുത്തു വന്ന ഇയാൾ, കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ ജോമോന്റെ ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
ഉടൻതന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി ബലംപ്രയോഗിച്ച് അക്രമിയെ കീഴ്പ്പെടുത്തുകയും താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കൃത്യം നടത്തുന്നതിന് മുൻപായി അക്രമി വീട്ടിലെ സിസിടിവി ക്യാമറയുടെ ദിശ തിരിച്ചു വെച്ചിരുന്നതായി വീട്ടുടമ ജോമോൻ പറഞ്ഞു. കയ്യിൽ പെട്രോളുമായി എത്തി താനാണ് ഇത് ചെയ്തതെന്ന് വെല്ലുവിളിക്കുകയായിരുന്നുവെന്നും ഇയാളുമായി തങ്ങൾക്ക് മുൻപരിചയമോ യാതൊരുവിധ ബന്ധമോ ഇല്ലെന്നും ജോമോൻ വ്യക്തമാക്കി.
പിടിയിലായ അർജുൻ മുൻപും സമാനമായ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ വെച്ച് വാൾ കൈക്കലാക്കി സ്വന്തം സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് ഉൾപ്പെടെ ഇയാൾക്കെതിരെയുണ്ട്. യാതൊരു മുൻപരിചയവുമില്ലാത്ത കുടുംബത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താൻ താമരശ്ശേരി പോലീസ് അർജുനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്

Comments
Post a Comment