പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിഞ്ഞു; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി
പേരാമ്പ്ര: പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. പേരാമ്പ്ര മൂരികുത്തിയിലാണ് ഇന്ന് അപകടമുണ്ടായത്. വാഹനം പൂർണ്ണമായും തലകീഴായി മറിഞ്ഞെങ്കിലും അത്ഭുതകരമായി യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിലൂടെ സാധാരണ വേഗതയിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നീണ്ട യാത്രയ്ക്കൊടുവിൽ ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെട്ടതാകാം ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകാൻ ഇടയാക്കിയതെന്ന് കരുതുന്നു. സംഭവത്തിൽ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിനും വശങ്ങൾക്കും കാര്യമായി കേടുപാടുകൾ സംഭവിച്ചു. മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും ത തകർന്നു. അപകടസമയത്ത് വലിയ ശബ്ദം കേട്ടാണ് സമീപവാസികളും മറ്റ് വാഹനയാത്രികരും ഓടിയെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയും ചെയ്തു.
സമയോചിതമായ രക്ഷാപ്രവർത്തനവും കാറിലെ സുരക്ഷാ സംവിധാനങ്ങളുമാണ് യാത്രക്കാരെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്. അപകടത്തെ തുടർന്ന് പേരാമ്പ്ര-കോഴിക്കോട് പാതയിൽ കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് വാഹനം റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Comments
Post a Comment