മികച്ച കേര കർഷകന് ആദരം: കെ. കെ. സേവ്യറിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു
കൂരാച്ചുണ്ട്: സംസ്ഥാന കാർഷിക വികസന ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച 2025-ലെ സംസ്ഥാനതല കാർഷിക പുരസ്കാരങ്ങളിൽ നാളികേര കർഷകനുള്ള പരമോന്നത ബഹുമതിയായ 'കേര കേസരി' അവാർഡ് കരസ്ഥമാക്കിയ കെ. കെ. സേവ്യറിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ദീർഘകാലമായി നാളികേര കൃഷി രംഗത്ത് നടപ്പിലാക്കി വരുന്ന ശാസ്ത്രീയവും മാതൃകാപരവുമായ കൃഷിരീതികളും ഉയർന്ന ഉത്പാദനക്ഷമതയുമാണ് സേവ്യറിനെ ഈ സംസ്ഥാനതല അംഗീകാരത്തിന് അർഹനാക്കിയത്. മലയോര മേഖലയിലെ കർഷകർക്ക് വലിയ ആവേശവും അഭിമാനവുമാണ് ഈ പുരസ്കാര നേട്ടമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ചക്കിട്ടപ്പാറയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് മുസ്ലിം ലീഗ് നേതാവ് ആവള ഹമീദ്, കെ. കെ. സേവ്യറിനെ പൊന്നാട അണിയിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും സമർപ്പണബോധത്തോടെ കൃഷിയെ സമീപിക്കുന്ന സേവ്യറിനെപ്പോലുള്ള കർഷകർ നാടിന്റെ മാതൃകയാണെന്ന് ആവള ഹമീദ് ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പ്രാദേശിക കർഷകരും പങ്കെടുത്തു.

Comments
Post a Comment