വിലങ്ങാട് കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടു;
വിലങ്ങാട്: വിലങ്ങാട് വായാടിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വടക്കേ വായാട് ഉന്നതിയിലെ വേലിയേരി സുനിലാണ് മരിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. മൃതദേഹം നിലവിൽ കുറ്റ്യാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായാട് നെല്ലിപ്പുഴ ചാക്കോച്ചൻ്റെ കൃഷിയിടത്തിന് സമീപത്താണ് കാട്ടുപോത്ത് നിലയുറപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും കാട്ടിയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ സുനിൽ ആക്രമണത്തിന് ഇരയാവുകയായിരുന്നു. പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിൽ സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഫെൻസിംഗിൽ വേണ്ടത്ര ചാർജ് ഇല്ലാത്ത സമയങ്ങളിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി മനുഷ്യജീവന് നിരന്തരം ഭീഷണി സൃഷ്ടിക്കുന്നത്. വന്യമൃഗശല്യം തടയുന്നതിൽ അധികാരികളുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രതിഷേധ പ്രകടനം ഇന്ന് വൈകുന്നേരം
നാട്ടിലിറങ്ങി അറുതിയില്ലാതെ മനുഷ്യജീവനെടുക്കുന്ന വന്യമൃഗശല്യത്തിനെതിരെയും സുനിലിൻ്റെ മരണത്തിൽ ഇടയാക്കിയ സാഹചര്യം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ന് വൈകുന്നേരം 6 മണിക്ക് വിലങ്ങാട് അങ്ങാടിയിൽ AKCC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വന്യമൃഗശല്യത്തിനെതിരെയുള്ള ഈ പ്രതിഷേധ പ്രകടനത്തിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് കമ്മിറ്റി സെക്രട്ടറി അഭ്യർത്ഥിച്ചു.

Comments
Post a Comment