ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്ന് യുവാവിൻ്റെ പരാതി. ചാറ്റ് അടക്കം പൊലീസിന് കൈമാറി

 


തെലങ്കാന: ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. തെലങ്കാനയിലെ മഹബൂബാബാദ് സ്വദേശിയായ ഗഡ്ഡേ രാജേശ്വർ റാവുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

​ഭാര്യ ഭവാനി, ഇവരുടെ കാമുകനെന്ന് ആരോപിക്കുന്ന ഡെലിവറി എക്സിക്യൂട്ടീവായ സൈദുലു എന്നിവർക്കെതിരെയാണ് പരാതി. ഖമ്മത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് പരാതിക്കാരനായ രാജേശ്വർ റാവു. 2016-ൽ വിവാഹിതരായ രാജേശ്വർ റാവു-ഭവാനി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

​തന്ന കൊലപ്പെടുത്തി സംഭവം അപകടമരണമാക്കി ചിത്രീകരിക്കാനാണ് ഭാര്യയും സൈദുലുവും ചേർന്ന് പദ്ധതിയിട്ടതെന്ന് രാജേശ്വർ റാവു ആരോപിക്കുന്നു. ഭാര്യയുടെ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും കൊലപാതക ഗൂഢാലോചന തെളിയിക്കുന്ന തെളിവായി ഇയാൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പരാതിക്കാരൻ പറയുന്നത്:

​ജൂലൈ 27-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം സൈദുലുവിനെയും കണ്ടിരുന്നു. തുടർന്ന് വിഷയം നാട്ടുപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തൊട്ടടുത്ത ദിവസം സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സൈദുലു തന്നെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നോടി വീട്ടിലെത്തിയ ശേഷം ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സംഭാഷണങ്ങൾ കണ്ടത്.

​തുടർന്ന് തന്റെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് യുവാവ് ദോർണക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു. ദോർണക്കൽ പൊലീസ് സംഭവത്തിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് പരിധിയിലുള്ള ഖമ്മം റൂറൽ പൊലീസിന് കൈമാറി. എന്നാൽ പ്രാഥമിക പരാതി നൽകിയിട്ടും തുടർനടപടികൾ വൈകിയതിനെ തുടർന്ന് രാജേശ്വർ റാവു വീണ്ടും ഖമ്മം പൊലീസിനെ സമീപിച്ച് കേസ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

​പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭിച്ച തെളിവുകളും മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം പ്രതികൾക്കെതിരെ തുടർനടപട സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി