യുവാവിന്റെ ഒരൊറ്റ ജാഗ്രത; രക്ഷപ്പെട്ടത് ഒമ്പത് വയസ്സുകാരിയുടെ ജീവൻ! പനവേലിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 18-കാരന് നാട്ടുകാരുടെ 'സൽക്കാരം'
പനവേൽ (മഹാരാഷ്ട്ര): വനിതകളുടെ പബ്ലിക് ബാത്ത് റൂമിലേക്ക് സംശയകരമായ സാഹചര്യത്തിൽ യുവാവ് അതിക്രമിച്ചു കയറുന്നത് കണ്ട് സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കൾ നടത്തിയ സമയോചിതമായ ഇടപെടലിൽ ഒമ്പത് വയസ്സുകാരി രക്ഷപ്പെട്ടു. പനവേലിൽ നടന്ന സംഭവത്തിൽ 18-കാരനായ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.
വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരിയായ കുട്ടിയെ പ്രതി ആരുമില്ലാത്ത സമയം നോക്കി തന്ത്രപരമായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സമീപത്തുള്ള പബ്ലിക് ബാത്ത് റൂമിനുള്ളിലേക്ക് കുട്ടിയെ ബലമായി കയറ്റി വാതിലടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ബാത്ത് റൂമിന് തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളിൽ ഒരാളുടെ ശ്രദ്ധയിൽ ഈ സംഭവം പെടുകയായിരുന്നു. പെട്ടെന്ന് ഒരാൾ ബാത്ത് റൂമിലേക്ക് ഓടിക്കയറി വാതിലടയ്ക്കുന്നത് കണ്ട യുവാവിന് സംശയം തോന്നുകയും ഉടൻ തന്നെ സഹകളിക്കാരെയും കൂട്ടി സ്ഥലത്തെത്തുകയുമായിരുന്നു.
വാതിൽ തുറപ്പിച്ച് അകത്തു കടന്ന യുവാക്കൾ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയും പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. രോഷാകുലരായ നാട്ടുകാരും യുവാക്കളും ചേർന്ന് കൈകാര്യം ചെയ്ത പ്രതിയെ പിന്നീട് പനവേൽ പോലീസിന് കൈമാറി. പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
സമയബന്ധിതമായി ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കിയ യുവാക്കളുടെ ജാഗ്രതയെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.

Comments
Post a Comment