മലയോര ജനതയുടെ ആശങ്ക പരിഹരിക്കണം: പശ്ചിമഘട്ട വിജ്ഞാപനത്തിനെതിരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്നു

 


കൂരാച്ചുണ്ട്: പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം മലയോര മേഖലയിലെ ജനങ്ങളിൽ തീർത്ത ആശങ്ക പരിഹരിക്കുന്നതിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ചേർന്നു. വിഷയം ഗൗരവമായി ചർച്ച ചെയ്ത യോഗം, ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമികളെയും ഇ.എസ്.എ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും അതിർത്തി വനാതിർത്തിക്കുള്ളിൽ മാത്രമായി നിജപ്പെടുത്തണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഔദ്യോഗികമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

​പശ്ചിമഘട്ട സംരക്ഷണത്തിനായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻപ് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കർഷകരുടെയും അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വിജ്ഞാപനത്തിലെ നിലവിലെ അപാകതകൾ പരിഹരിച്ച് മലയോര ജനതയുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

    ​വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 4, 5 തിയതികളിൽ 14 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ചുചേർക്കും. ഗ്രാമസഭകളിൽ ഉയരുന്ന പ്രതിഷേധങ്ങളും നിർദേശങ്ങളും ഏകോപിപ്പിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും നിവേദനം നൽകാനും ഭരണസമിതി തീരുമാനിച്ചു.

​പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, എൻ.കെ. കുഞ്ഞമ്മദ്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി