സ്യൂട്ട്കേസിൽ ദുർഗന്ധം വധശ്രമത്തിന്റെ ചുരുളഴിച്ചു! രണ്ടര മാസത്തിന് ശേഷം പൂട്ടുതുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം
സിൽവാസ: ഭർത്താവിനെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടി കാമുകനൊപ്പം ഇറങ്ങിപ്പുറപ്പെട്ട ഇരുപതുകാരിയെ അതേ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. ദാദ്ര നഗർ ഹവേലിയിലെ സിൽവാസയിൽ നടന്ന ദാരുണ സംഭവത്തിൽ വാരണാസി സ്വദേശിയായ കാമുകൻ റിഷഭ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപാധ്യായ എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്.
ഒരേ ഗ്രാമത്തിൽ നിന്നുള്ളവരായ യുവതിയും റിഷഭും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധപ്രകാരം ഇരുവരും നാടുവിട്ട് സിൽവാസയിലെത്തുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതിനിടെ റിഷഭിനെതിരെ തട്ടിക്കൊണ്ടുപോകലിന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
വിവാഹശേഷം നാട്ടിലേക്ക് മടങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. ജൂൺ 9-ന് രാവിലെയും ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി. തുടർന്ന് അന്നുതന്നെ വൈകുന്നേരത്തോടെ റിഷഭ് യുവതിയെ കഴുത്തുഞെറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തികച്ചും ക്രൂരമായ രീതിയിലാണ് പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ മൃതദേഹം കയറുകൊണ്ട് വരിഞ്ഞുകെട്ടി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം ഒരു ട്രോളി സ്യൂട്ട്കേസിനുള്ളിൽ കുത്തിനിറച്ചു. തുടർന്ന് ഈ സ്യൂട്ട്കേസ് വാടകമുറിയുടെ ബാത്ത്റൂമിൽ തള്ളിയ ശേഷം മുറി പുറത്തുനിന്ന് പൂട്ടി റിഷഭ് രക്ഷപ്പെടുകയായിരുന്നു. സിൽവാസയിൽ നിന്ന് മുങ്ങിയ പ്രതി വാരാണസിയിലെത്തി വ്യാജ പേരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
രണ്ടുമാസത്തോളം പഴക്കമുള്ള കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഓഗസ്റ്റ് മൂന്നിനാണ്. വാടകമുറി മറ്റൊരാൾക്ക് നൽകാനായി വീട്ടുടമ പൂട്ടുതുറന്ന് അകത്തുകയറിയപ്പോഴാണ് ബാത്ത്റൂമിൽ നിന്ന് സഹിക്കാനാകാത്ത ദുർഗന്ധം ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാത്ത്റൂമിലിരുന്ന സ്യൂട്ട്കേസ് തുറന്നപ്പോഴാണ് പെൺകുട്ടിയുടെ ചീഞ്ഞളിയാറായ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് സിൽവാസ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ റിഷഭാണെന്ന് തെളിഞ്ഞത്. പ്രതി വാരണാസിയിൽ ഒളിവിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തി സ്വകാര്യ സ്ഥാപനത്തിൽ വച്ച് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Comments
Post a Comment