ട്രാക്കിൽ മിന്നൽ വേഗം; സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക്സിൽ ഇരട്ട വെള്ളി തിളക്കവുമായി അൽക്ക ഷിനോജ്
കൂരാച്ചുണ്ട്: 2026-27 അധ്യയന വർഷത്തെ എം.കെ. ജോസഫ് മെമ്മോറിയൽ 19-ാമത് കേരള സ്റ്റേറ്റ് ഇന്റർ ക്ലബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനവുമായി കൂരാച്ചുണ്ടിന്റെ അഭിമാന കായികതാരം അൽക്ക ഷിനോജ്. പെൺകുട്ടികളുടെ 600 മീറ്റർ, 60 മീറ്റർ ഓട്ടമത്സരങ്ങളിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച അൽക്ക രണ്ട് ഇനങ്ങളിലും രണ്ടാം സ്ഥാനം നേടി വെള്ളി മെഡലുകൾ സ്വന്തമാക്കി.
തീപാറുന്ന പോരാട്ടം നടന്ന 600 മീറ്റർ ഫൈനലിൽ 1:36.77 മിനിറ്റിൽ ഫിനിഷ് ലൈൻ തൊട്ടാണ് അൽക്ക രണ്ടാമതായി ഓടിയെത്തിയത്. ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ താരം 1:36.71 മിനിറ്റിൽ മത്സരം പൂർത്തിയാക്കിയിരുന്നു. മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അൽക്കയ്ക്ക് സ്വർണം നഷ്ടമായത്.
അതുപോലെ, വേഗതയുടെ പോരാട്ടമായ 60 മീറ്റർ സ്പ്രിന്റിൽ 8.25 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം രണ്ടാമത്തെ വെള്ളി മെഡൽ ഉറപ്പിച്ചത് .ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ താരം 8:20 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയിരുന്നു. മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അൽക്കയ്ക്ക് സ്വർണം നഷ്ടമായത്. രണ്ട് ഇനങ്ങളിലും മികച്ച ടൈമിംഗ് കുറിച്ച അൽക്കയുടെ പ്രകടനം കായിക ലോകത്തിന്റെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
നിലവിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു മിടുക്കി. സ്കൂളിലെ ജോർജിയൻ അക്കാഡമിക്ക് കീഴിലാണ് അൽക്കയുടെ കായിക പരിശീലനം. ഏഷ്യൻ മാസ്റ്റേഴ്‌സ് മീറ്റ് സ്വർണ ജേതാവും പ്രമുഖ പരിശീലകനുമായ കെ.എം. പീറ്റർ, സ്‌കൂൾ കായികാധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക ട്രാക്കിലെ മിടുക്ക് നേടിയെടുത്തത്.
കൂരാച്ചുണ്ട് പുളിവയൽ സ്വദേശിയും സി.ആർ.പി.എഫ് ഹവിൽദാറുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക. സഹോദരൻ: അഞ്ചൽ. ഭാവിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ നാടിന്റെ പെരുമ ഉയർത്താൻ ലക്ഷ്യമിട്ടാണ് അൽക്കയുടെ മുന്നേറ്റം. ഈ മികച്ച നേട്ടത്തിൽ പ്രദേശവാസികളും വിദ്യാലയ അധികൃതരും താരത്തെ അഭിനന്ദിച്ചു.

Comments
Post a Comment