പ്രവാസം അവസാനിപ്പിച്ച് ഏഞ്ചൽ മടങ്ങി; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മടക്കം തീരാനോവായി
പത്തനംതിട്ട: യുകെയിലെ ബാസിൽഡണിൽ അപ്രതീക്ഷിതമായി മരണപ്പെട്ട ബാങ്ക് ജീവനക്കാരി ചാന്തുകാവ് സ്വദേശിനി ഏഞ്ചൽ ജെറോം (28) ഇനി ജന്മനാടിന്റെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളും. സ്വന്തം നാട്ടിലേക്ക് എന്നെന്നേക്കുമായി മടങ്ങിയെത്തിയ ഏഞ്ചലിന് ഉറ്റവരും ഉടയവരും ചേര്‍ന്ന് വിതുമ്പലുകളോടെ അന്ത്യാഞ്ജലി അർപ്പിച്ചു.
ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി, പ്രിയപ്പെട്ടവരെയെല്ലാം തീരാക്കണ്ണീരിലാഴ്ത്തിയാണ് ഏഞ്ചലിന്റെ വിടവാങ്ങൽ. അമ്മയുടെ സ്നേഹവും വാത്സല്യവും തിരിച്ചറിയാൻ പോലും പ്രായമാകാത്ത ആ കുഞ്ഞിനെ ഓർത്ത് കണ്ടുനിന്നവരുടെയെല്ലാം കരൾ പിടഞ്ഞു. നാടിനും സഭയ്ക്കും വലിയൊരു നൊമ്പരമായി മാറി ഈ വേർപാട്.
കടമ്മനിട്ട ചാന്തുകാവ് പാറേൽ മാത്യു ജോർജിന്റെയും (അനിയൻ) മിനിമോളിന്റെയും പ്രിയമകളായ ഏഞ്ചൽ, അടൂർ ആനന്ദപ്പള്ളി സ്വദേശിയും യുകെയിൽ എഞ്ചിനീയറുമായ ജെറോമിന്റെ ജീവിതപങ്കാളിയാണ്. തട്ട കണ്ടനെല്ലൂർ ജെറിയുടെയും മോനിയമ്മയുടെയും മരുമകളാണ്.
യുകെയിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച ഭൗതികശരീരം ഓഗസ്റ്റ് 28-ന് വൈകുന്നേരം കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. രാത്രി വൈകിയും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് പ്രിയപ്പെട്ടവൾക്ക് അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത്.
തുടർന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമ പാരിഷ് ഹാളിൽ വിടവാങ്ങൽ ശുശ്രൂഷകൾ ആരംഭിച്ചു. സഭാ മേലധ്യക്ഷന്മാരുടെയും വൈദികരുടെയും നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഉറ്റവരുടെയും ഉടയവരുടെയും വിതുമ്പലുകൾക്കും പ്രാർത്ഥനകൾക്കുമിടയിൽ സംസ്കാരം സഭാ സെമിത്തേരിയിൽ പൂർത്തിയായി.
അന്യനാട്ടിലെ തണുപ്പിൽ നിന്ന് ജനിച്ചുവളർന്ന മാതൃനാടിന്റെ ചൂടിലേക്ക്... ഒടുവിൽ ഏഞ്ചൽ മടങ്ങിയെത്തി, ഓർമ്മകളുടെ സുഗന്ധം മാത്രം ബാക്കിവെച്ച്.

Comments
Post a Comment