പ്രവാസി ജോലി ഉപേക്ഷിച്ച് നാടിൻ്റെ ഹരിതധവള വിപ്ലവത്തിന് ചുക്കാൻ പിടിച്ച യുവസംരംഭകന് പുതിയ ദൗത്യം ; യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡൻ്റായി ദീപു കിഴക്കേനാത്ത് തിരഞ്ഞെടുക്കപ്പെട്ടു:
കൂരാച്ചുണ്ട്: പ്രവാസി ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി ക്ഷീരമേഖലയിലും കാർഷിക-സംരംഭക രംഗത്തും മാതൃകാപരമായ വിജയം കൈവരിച്ച ദീപു കിഴക്കേനാത്ത് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്തു. പൊതുരംഗത്തും കാർഷിക മേഖലയിലും ഒരുപോലെ സജീവമായ ദീപുവിൻ്റെ നേതൃത്വം കൂരാച്ചുണ്ടിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ഊർജ്ജവും ദിശാബോധവും നൽകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
വട്ടച്ചിറ കിഴക്കേനകത്ത് അബ്രഹാം-വത്സ ദമ്പതിമാരുടെ മകനാണ് ദീപു. വിദേശത്ത് വൻ തുക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ മണ്ണിലിറങ്ങി വിജയം കൊയ്ത ദീപുവിൻ്റെ ജീവിതകഥ പ്രദേശത്തെ യുവജനങ്ങൾക്ക് എക്കാലവും വലിയൊരു പ്രചോദനമാണ്. ദുബായ് എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിൽ ചീഫ് കാഷ്യറായി സേവനമനുഷ്ഠിക്കവെയാണ്, ക്ഷീരമേഖലയോടുള്ള അടങ്ങാത്ത താല്പര്യം കാരണം ജോലി ഉപേക്ഷിച്ച് 2020-ൽ ദീപു നാട്ടിലേക്ക് മടങ്ങിയെത്തുന്നത്.
തുടർന്ന് അഞ്ചു പശുക്കളെ മാത്രം വെച്ച് വളരെ ചെറിയ രീതിയിൽ ആരംഭിച്ച ക്ഷീരഫാം, അദ്ദേഹത്തിൻ്റെ കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് നാടിന് തന്നെ മാതൃകയാകുന്ന രീതിയിൽ വളരുകയായിരുന്നു. നിലവിൽ പതിനഞ്ചോളം കറവപ്പശുക്കൾ, കിടാങ്ങൾ, എരുമകൾ എന്നിവയടങ്ങുന്ന വലിയൊരു ഫാം തന്നെയാണ് ദീപുവിൻ്റേത്. ദിവസേന 200 ലിറ്ററോളം പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണസംഘത്തിൽ അളന്നു വരുന്ന ദീപു, നിലവിൽ ഈ സംഘത്തിൻ്റെ ഭരണസമിതി ഡയറക്ടർ കൂടിയാണ്.
ക്ഷീരമേഖലയിലെ വിജയത്തിന് പിന്നാലെ കാർഷിക-വ്യവസായ രംഗത്തേക്ക് ചുവടുവെച്ച ദീപുവിൻ്റെ നൂതന സംരംഭമായ 'ദീപൂസ് ക്രെസ്റ്റൽ' (Deepu's Crestal) ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നാടിൻ്റെ പ്രതീക്ഷകൾക്ക് ചിറകിലേറി എത്തുന്ന ഈ വ്യവസായ സംരംഭത്തിൻ്റെ ലോഗോ പ്രകാശനം നിർവഹിച്ചത് ബഹുമാനപ്പെട്ട ക്ഷീരവികസന - തൊഴിൽ വകുപ്പ് മന്ത്രിയാണ്.
തൻ്റെ കഠിനാധ്വാനം കൊണ്ട് സ്വന്തമായി വഴി വെട്ടിത്തെളിച്ച പ്രവാസി കൂടിയായ ഒരു യുവസംരംഭകൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പദവിയിലേക്ക് എത്തുന്നത് യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിനും കർഷക സമൂഹത്തിനും ഒരുപോലെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. യൂത്ത് കോൺഗ്രസിൻ്റെ സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം, പ്രദേശത്തെ യുവാക്കൾക്കിടയിൽ സംരംഭകത്വവും കാർഷിക താല്പര്യങ്ങളും വളർത്തിയെടുക്കാൻ തൻ്റെ പുതിയ ചുമതല വിനിയോഗിക്കുമെന്ന് ദീപു കിഴക്കേനകത്ത് അറിയിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥിയായിരുന്നു.
കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട, കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, നിസാം കക്കയം, ജെറിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ലിബിൻ പാവത്തികുന്നേൽ, ജ്യോതിഷ് രാരപ്പൻ കണ്ടി, അഭിനവ് ബാവോസ്, ജാക്സ് കരിമ്പനക്കുഴി, ജോൺസൻ എട്ടിയിൽ, അരുൺ ജോസ്, ചെറിയാൻ അറയ്ക്കൽ, സരീഷ് ഹരിദാസ്, അനീഷ് മറ്റത്തിൽ, സിമിലി ബിജു, റീത്ത തോമസ്, അക്ഷത മരുതോട്ട്കുനിയിൽ, നജീബ് മടവൻകണ്ടി, ജിജോ കപ്പലുമാക്കൽ തുടങ്ങിയവരും ജനപ്രതിനിധികളും കോൺഗ്രസ്-പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.



Comments
Post a Comment