ഇരുട്ടകറ്റിയ ധീരത; പ്രകൃതിയുടെ പ്രകോപനത്തിലും നാടിന്റെ ഇരുറ്റകറ്റാൻ പതറാതെ പണിഭാരം ഏറ്റെടുത്ത കെ.എസ്.ഇ.ബി ജീവനകാർക്ക് ചക്കിട്ടപാറ ഭരണസമിതിയുടെ ആദരം
ചക്കിട്ടപാറ: കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതിയുടെ പ്രകോപനത്തിലും നാടിന്റെ ഇരുറ്റകറ്റാൻ സ്വന്തം ജീവൻ പണയം വെച്ച് നാടിന്റെ നാനാഭാഗങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ അഹോരാത്രം പ്രയത്നിച്ച കെ.എസ്.ഇ.ബി ജീവനക്കാരെ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രതികൂല കാലാവസ്ഥയോടും അപകടസാധ്യതകളോടും പൊരുതി ഗ്രാമത്തിലെ ഇരുട്ടകറ്റിയ ജീവനക്കാർക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണവും ആദരവും നൽകി.
മഴയിലും കാറ്റിലും മരങ്ങളും ചില്ലകളും കടപുഴകി വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ട്രാൻസ്ഫോർമറുകൾ തകരാറിലാകുകയും ചെയ്തതോടെ പലയിടങ്ങളിലും വൈദ്യുതി പൂർണ്ണമായും നിലച്ചിരുന്നു. എന്നാൽ, തങ്ങളുടെ സുരക്ഷ പോലും നോക്കാതെ,യന്ത്രസാമഗ്രികളുമായി ഉയരങ്ങളിൽ തൂങ്ങിയാടിയും ദുർഘടമായ പാതകൾ താണ്ടിയും വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെ.എസ്.ഇ.ബി ടീം മുന്നിൽ നിന്ന് പ്രവർത്തിച്ചു
.
ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു ബാലകൃഷ്ണൻ, ജിൻസി മനോജ്, വാർഡ് മെമ്പർമാരായ ബാബു പള്ളിക്കൂടം, ഗിരീഷ് കോമച്ചൻകണ്ടി, ജിനീഷ് കല്ലുംപുറത്ത് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി.
നാടിന് വെളിച്ചമേകാൻ മുന്നണിപ്പോരാളികളായി മാറിയ അസിസ്റ്റന്റ് എഞ്ചിനീയർ അനിൽ, സബ് എഞ്ചിനീയർ ബിജിൽ, ഓവർസിയർ ദേവൻ, ലൈൻമാന്മാരായ പ്രജീഷ്, ധനീഷ്, നോബി, അമൽ, സതീഷ്, സുരേന്ദ്രൻ, ഹാരിസ്, ഡ്രൈവർ രാജേഷ് എന്നിവരടങ്ങുന്ന ജീവനക്കാരെ ചടങ്ങിൽ പ്രത്യേകമായി അഭിനന്ദിച്ചു.
"മഴയും കാറ്റും വകവെക്കാതെ, വലിയ അപകടസാധ്യതകളെ തൃണവൽഗണിച്ച് പ്രകൃതിദുരന്തമുഖത്ത് അവർ കാട്ടിയ പ്രതിബദ്ധതയ്ക്ക് മുന്നിൽ നാടൊന്നാകെ ശിരസ്സ് നമിക്കുകയാണ്. ചക്കിട്ടപാറയിലെ ഓരോ ജനങ്ങളുടെയും പേരിൽ ഇവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു," എന്ന് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
പ്രകൃതിയുടെ പ്രകോപനങ്ങൾക്കിടയിലും അക്ഷീണം പ്രവർത്തിച്ച് നാടിന്റെ കാവലാളുകളായി മാറിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് നാടൊട്ടുക്കും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




Comments
Post a Comment