അവിവാഹിതയായ മകൾ ഗർഭിണിയായി; നാണക്കേട് ഭയന്ന് പെൺകുട്ടിയെ നദിയിലെറിഞ്ഞു; കാണാനില്ലെന്ന നാടകത്തിന് ഒടുവിൽ പിതാവ് പിടിയിൽ
ന്യൂഡൽഹി/ആഗ്ര: അവിവാഹിതയായ പതിനെട്ടുകാരി മകൾ ഗർഭിണിയായതിനെ തുടർന്ന് അപമാനഭയത്താൽ പിതാവും ബന്ധുവും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ഡൽഹിയിലെ ടിഗ്രി സ്വദേശിയായ ലഖ്പത് സിംഗ് (52), ഇയാളുടെ അടുത്ത ബന്ധു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മകളെ ഉത്തർപ്രദേശിലെ ആഗ്രയിലെത്തിച്ച് ചമ്പൽ നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.
ചികിത്സയുടെ പേരതൊട്ട് ചമ്പൽ തീരത്തേക്ക്
പതിനെട്ടുകാരിയായ മകൾ അവിവാഹിതയായിരിക്കെ ഗർഭിണിയാണെന്ന വിവരമറിഞ്ഞതോടെയാണ് കുടുംബത്തിനുണ്ടാകുന്ന അപമാനഭയം കാരണം ലഖ്പത് സിംഗ് മകളെ വകവരുത്താൻ പദ്ധതിയിട്ടത്. വിവരം പുറത്തറിയുന്നത് സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുമെന്ന ചിന്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
മികച്ച ചികിത്സ ലഭ്യമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് ഇയാൾ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ജൂലൈ 29-ന് ലഖ്പത് സിംഗും ബന്ധുവും ചേർന്ന് പെൺകുട്ടിയെ തന്ത്രപൂർവ്വം ചമ്പൽ നദിയുടെ തീരത്തെത്തിക്കുകയായിരുന്നു.
ദൃശ്യങ്ങൾ ഫോണിൽ പകർത്തി; ഭീകരകൃത്യം
നദിക്കരയിൽ വെച്ച് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ഇരുവരും ചേർന്ന് പെൺകുട്ടിയെ ചമ്പൽ നദിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ഭീകര ദൃശ്യങ്ങളും ചിത്രങ്ങളും പ്രതികൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയതായും അന്വേഷണസംഘം കണ്ടെത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ശക്തമായ ഒഴുക്കുള്ള നദിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
വഴിതിരിച്ചുവിടാൻ കാണാതായെന്ന പരാതി
കൃത്യത്തിന് ശേഷം ഡൽഹിയിലേക്ക് തിരിച്ചെത്തിയ ലഖ്പത് സിംഗ്, മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാളുടെ മൊഴികളിലെ വൈരുധ്യവും പെരുമാറ്റത്തിലെ സംശയങ്ങളും പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിയെങ്കിലും കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചമ്പൽ നദിയിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Comments
Post a Comment