രാത്രിയിൽ കനത്ത മഴ, പ്രസവവേദനയോടെ റോഡരികിൽ ഒരു കുടുംബം; വണ്ടി നിർത്തിയത് 'മാലാഖ'! ഒടുവിൽ ആശുപത്രിയിൽ വച്ച് തിരിച്ചറിഞ്ഞപ്പോൾ വിതുമ്പി അമ്മ
കോട്ടയം: കനത്ത മഴയിലും വെള്ളക്കെട്ടിലും പെട്ട് യാത്രാസൗകര്യമില്ലാതെ റോഡരികിൽ പ്രസവവേദനയാൽ വലഞ്ഞ യുവതിക്ക് രക്ഷകയായി എത്തിയത് അതേ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നഴ്സ്. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ ഗൈനക്കോളജി വിഭാഗം നഴ്സായ മാഞ്ഞൂർ സൗത്ത് കലയന്താനം സ്വദേശി ലിറ്റി ജോയിയുടെ അവസരോചിതമായ ഇടപെടലാണ് വാഗമൺ സ്വദേശിനിയായ യുവതിക്കും കുഞ്ഞിനും പുതുജീവൻ നൽകിയത്. ആശുപത്രിയിലെത്തിച്ച് മുക്കാൽ മണിക്കൂറിനകം യുവതി പെൺകുഞ്ഞിന് ജന്മം നൽകി.
കഴിഞ്ഞ രണ്ടാം തീയതി രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മുത്തോലിയിലുള്ള താമസസ്ഥലത്തേക്ക് സ്വന്തം കാറിൽ മടങ്ങുകയായിരുന്നു ലിറ്റി. എന്നാൽ വഴിയിൽ കനത്ത വെള്ളക്കെട്ടാണെന്ന് മനസ്സിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞുപോകുന്നതിനിടയിലാണ് കനത്ത മഴയിൽ റോഡരികിൽ വാഹനങ്ങൾക്ക് കൈകാട്ടി സഹായമഭ്യർത്ഥിക്കുന്ന കുടുംബാംഗങ്ങളെ ലിറ്റി കാണുന്നത്.
ഉടൻ തന്നെ വാഹനം നിർത്തി വിവരം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന വാഗമൺ സ്വദേശികളായ കുടുംബം, യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ വണ്ടി കാത്തുനിൽക്കുകയായിരുന്നു. ഏറെനേരം പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും നിർത്താൻ തയ്യാറായില്ല.
സാഹചര്യം മനസിലാക്കി ലിറ്റി ഇവരെ ഉടൻ തന്നെ തന്റെ കാറിൽ കയറ്റി. എന്നാൽ യാത്രയ്ക്കിടെ യുവതിയുടെ പ്രസവവേദന കഠിനമാകുകയും വഴിമധ്യേ പ്രസവിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ, ലിറ്റി ഒട്ടും സമയം കളയാതെ കാർ തൊട്ടടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു. യുവതിയെ സുരക്ഷിതമായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്ക് മടങ്ങി.
എന്നാൽ, ജീവൻ രക്ഷാപ്രവർത്തനം നടത്തിയ വിവരം ലിറ്റി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാൽ ഒരു ദിവസത്തിന് ശേഷമാണ് ലിറ്റി വീണ്ടും ഡ്യൂട്ടിക്ക് എത്തിയത്. ഗൈനക്കോളജി വാർഡിൽ വിശ്രമിക്കുകയായിരുന്ന യുവതിയും കുടുംബാംഗങ്ങളും തങ്ങളെ രക്ഷിച്ച ഡ്രൈവർ ഡ്യൂട്ടിയിലുള്ള നഴ്സ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇരുവരുടെയും കണ്ടുമുട്ടൽ വാർഡിൽ വികാരനിർഭരമായ നിമിഷങ്ങൾക്കിടയാക്കി. തങ്ങളുടെ മുന്നിൽ ദൈവദൂതയെപ്പോലെയാണ് ലിറ്റി എത്തിയതെന്ന് യുവതിയും കുടുംബവും പറഞ്ഞു.
അവസരോചിതമായി ഇടപെട്ട് മാതൃകയായ ലിറ്റി ജോയിയെ മാർ സ്ലീവാ മെഡിസിറ്റി മാനേജ്‌മെന്റും യുവതിയുടെ കുടുംബാംഗങ്ങളും ചേർന്ന് അനുമോദിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ.ഫാ. മാത്യു തെക്കേൽ, അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഡോ. ജോസഫ് കരികുളം, റവ.ഫാ. ജോസ് കീരഞ്ചിറ, റവ.ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഫാ. മാത്യു ചേന്നാട്ട്, റവ.ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment