കനത്ത മഴ: കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; പുഴയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്
കൂരാച്ചുണ്ട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്ന് രാത്രി 8 മണിയോടെ മുതൽ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ തുടങ്ങിയതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2487 അടിയിൽ എത്തിയതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി.
പുഴയോരങ്ങളിൽ കടുത്ത ജാഗ്രത
ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ കുറ്റ്യാടി പുഴയിലും അനുബന്ധ കൈവഴികളിലും ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഭരണകൂടവും കെ.എസ്.ഇ.ബി അധികൃതരും മുന്നറിയിപ്പ് നൽകി.
അപകടസാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. താലൂക്ക് റവന്യൂ വിഭാഗവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഡാമിലെ ജലനിരപ്പും പുഴയിലെ ഒഴുക്കും നിരന്തരം നിരീക്ഷിച്ച് വരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാദേശിക ദുരന്തനിവാരണ സേനകളും സജ്ജമാണ്.

Comments
Post a Comment