കാറിൽ ലിഫ്റ്റ് നൽകി പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം: 65-കാരൻ കൊയിലാണ്ടിയിൽ അറസ്റ്റിൽ
കൊയിലാണ്ടി: റോഡിലൂടെ നടന്നുപോവുകയായിരുന്ന പത്ത് വയസ്സുകാരനെ കാറിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കയറ്റിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ വയോധികൻ പിടിയിൽ. മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിയെ പ്രതി തന്റെ കാറിൽ കയറ്റിക്കൊണ്ടുപോവുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അതിക്രമത്തിന് ശേഷം കുട്ടിയെ കയറ്റിയ സ്ഥലത്ത് തന്നെ തിരികെ ഇറക്കിവിട്ട് ഇയാൾ കടന്നുകളഞ്ഞു.
കുട്ടിയെ കാറിൽ കൊണ്ടുപോകുന്നതും പിന്നീട് അതേ സ്ഥലത്ത് ഇറക്കിവിടുന്നതും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളായ സ്ത്രീകളുടെ സമയോചിതമായ ഇടപെടലാണ് സംഭവം പുറത്തുകൊണ്ടുവന്നത്. സംശയം തോന്നിയ ഇവർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടൻതന്നെ നാട്ടുകാർ കുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയും, വീട്ടുകാർ കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാർ നൽകിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ തിരച്ചിലിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പോക്സോ (POCSO) വകുപ്പുകൾ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിലവിൽ ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്..

Comments
Post a Comment