മോളേ, അമ്മയുടെ പരിചയക്കാരനാ വാ; വിദ്യാർത്ഥിനിയെ കാറിൽക്കയറ്റി പീഡിപ്പിച്ച 44കാരന് 20 വർഷം തടവ്
നെയ്യാറ്റിൻകര: സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോവളം ചൊവ്വര സ്വദേശിയായ കുഞ്ഞുമോനെയാണ് (44) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കെ. എം. സുജ ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2015-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ, അമ്മയുടെ പരിചയക്കാരനാണെന്ന് വിശ്വസിപ്പിച്ച് കുഞ്ഞുമോൻ തൻ്റെ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ വിജനമായ സ്ഥലത്തെത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
സംഭവത്തിനുശേഷം സ്കൂളിലെത്തിയ പെൺകുട്ടി വിവരങ്ങൾ ക്ലാസ് ടീച്ചറോട് തുറന്നുപറഞ്ഞു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ആർ. സുധാകരൻപിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി. ആർ. മായാദേവി എന്നിവർ കോടതിയിൽ ഹാജരായി.

Comments
Post a Comment