വീണ്ടും ഒന്നിക്കാമെന്ന് വിശ്വസിപ്പിച്ചു; റീൽസ് എടുത്തതിന് പിന്നാലെ യുവതിയെ വെട്ടിപ്പരിപ്പിച്ചു

 


പഞ്ചാബ്:  വിവാഹമോചനത്തിനു ശേഷം വീണ്ടും ഒന്നിച്ചു ജീവിക്കാമെന്ന് വ്യാജവാഗ്ദാനം നൽകി വിളിച്ചുവരുത്തിയ 42കാരിയെ മുൻഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഫാസിൽക്ക ജില്ലയിലാണ് രാജ്യത്തെത്തന്നെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ ഗുർമീത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

​വിവാഹമോചനത്തിനു ശേഷം സ്വന്തം മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്ന സരോജ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുർമീത് സിംഗ് സരോജിനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് കാണാനെത്തിയ ഇരുവരും ഒരുമിച്ച് പ്രണയഗാനം പശ്ചാത്തലമാക്കി ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുകയും സരോജിന്റെ അക്കൗണ്ടിൽ നിന്ന് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തു. റീലിൽ ഇരുവരും സന്തോഷത്തോടെ കാണപ്പെടുകയും ഗുർമീത് വിജയചിഹ്നം കാണിക്കുകയും ചെയ്യുന്നുണ്ട്. ഈ റീൽ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

​റീൽ എടുത്തതിനു ശേഷം യുവതിയെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വയലിൽ കുഴിച്ചുമൂടാൻ പ്രതി ശ്രമിച്ചു.

​കൊലപാതകത്തിനിടെ യുവതിയുടെ നിലവിളി കേട്ട് സമീപത്ത് ആടുകളെ മേയിച്ചിരുന്ന പ്രദേശവാസി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഗ്രാമവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതോടെ പ്രതി അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

​സംഭവത്തിൽ കേസെടുത്ത പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും പ്രതിയുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിന് തൊട്ടുമുമ്പ് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ കേസിൽ നിർണായക തെളിവായി മാറുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി