കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കണിയിൽ കുടുങ്ങി യുവാവിൻ്റെ വിയോഗം
പട്ടാമ്പി: കുലുക്കല്ലൂരിൽ കാട്ടുപന്നിയെ പിടികൂടാൻ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത കെണിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തത്തനംപുള്ളി മുള്ളത്ത്പ്പടി സ്വദേശി രവിപ്രസാദ് (30) ആണ് മരിച്ചത്. കുലുക്കല്ലൂർ തത്തനംപുള്ളിയിലെ സ്വകാര്യ കൃഷിയിടത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
തിങ്കളാഴ്ച രാവിലെ കൃഷിയിടത്തിൽ പരിശോധനയ്‌ക്കെത്തിയ ഉടമയാണ് രവിപ്രസാദിനെ വൈദ്യുത ആഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയായ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി സംരക്ഷിക്കാനെന്ന പേരിലാണ് ഇവിടെ അനധികൃതമായി കമ്പിവേലിയിൽ വൈദ്യുതി കണക്ഷൻ നൽകി കെണിയൊരുക്കിയിരുന്നത്. എന്നാൽ, ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ഇത്തരം നിയമവിരുദ്ധമായ വൈദ്യുത കെണികൾ പ്രദേശത്ത് വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ കൊപ്പം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment