പുലർച്ചെ മൂന്നരയ്ക്ക്, 3 സെക്കന്റ് ഫോൺകോൾ കട്ട് ചെയ്യാതെ തേടിപ്പിടിച്ച് പൊലീസ്, യുവതിക്ക് രക്ഷ.
ദുബായ്: ജീവനും മരണത്തിനുമിടയിലെ നിർണായക നിമിഷത്തിൽ സമയോചിതമായി ഇടപെട്ട് മലയാളി പ്രവാസികൾക്കടക്കം ഏറെ മാതൃകയായി ദുബായ് പൊലീസ്. പുലർച്ചെ ലഭിച്ച വെറും മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയിലായ യുവതിക്ക് ദുബായ് പൊലീസ് രക്ഷകരായത്.
പുലർച്ചെ മൂന്നരയോടെയാണ് ദുബായ് പൊലീസിന്റെ കൺട്രോൾ ആൻഡ് കമാൻഡ് സെന്ററിലേക്ക് ആ എമർജൻസി കോൾ എത്തുന്നത്. "ബദർ... ഞാൻ ഇന്റർസെക്ഷനിലാണ്" എന്ന് വിറയാർന്ന ശബ്ദത്തിൽ അറബി ഭാഷയിൽ ഒരു യുവതി പറയുന്നതും പെട്ടെന്ന് ശബ്ദം നിലയ്ക്കുന്നതുമായിരുന്നു കോളിന്റെ ഉള്ളടക്കം. സംസാരിച്ചു തീരും മുൻപേ കോൾ പൂർണ്ണമായും നിശബ്ദമായി.
സാധാരണയായി ഇത്തരം കോളുകൾ ആളുമാറി വരുന്നതോ അബദ്ധത്തിൽ വിളിക്കുന്നതോ ആകാൻ സാധ്യതയുണ്ടെങ്കിലും, ഓപ്പറേറ്ററുടെ പരിചയസമ്പത്തും ജാഗ്രതയും വലിയൊരു ദുരന്തം ഒഴിവാക്കി. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ ഓപ്പറേറ്റർ ലൈൻ വിച്ഛേദിക്കാതെ ഉടനടി 'എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം' ( ) സജ്ജമാക്കി. തുടർന്ന് നടത്തിയ സിഗ്നൽ പരിശോധനയിൽ കോൾ വന്നത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നാദ് അൽ ഷെബ മേഖലയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു.
ഒപ്പം തന്നെ, മുൻകരുതലെന്ന നിലയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന രോഗികളുടെ പോലീസിന്റെ പ്രത്യേക ഡാറ്റാബേസിൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ സമാന്തരമായി പരിശോധിച്ചു. ഡാറ്റാബേസിൽ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ലെങ്കിലും ഒട്ടും സമയം കളയാതെ നാദ് അൽ ഷെബ മേഖലയിലുണ്ടായിരുന്ന മുഴുവൻ പട്രോളിങ് സംഘങ്ങൾക്കും കൺട്രോൾ റൂമിൽ നിന്നും അടിയന്തര സന്ദേശം കൈമാറി.
ലൊക്കേഷൻ കേന്ദ്രീകരിച്ച് പട്രോളിങ് സംഘം നടത്തിയ തിരച്ചിലിനൊടുവിൽ പ്രധാന റോഡിൽ നിന്നും മാറി നിർത്തിയിട്ടിരുന്ന ഒരു കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ കാറിനടുത്തേക്ക് പാഞ്ഞെത്തുകയും കാറിന്റെ ഡോർ ഗ്ലാസിൽ മുട്ടുകയും ചെയ്തു. ഈ ശബ്ദം ഫോണിലൂടെ കൺട്രോൾ റൂം ഓപ്പറേറ്റർ വ്യക്തമായി കേട്ടതോടെ കൃത്യമായ വാഹനം തന്നെയാണ് കണ്ടെത്തിയതെന്ന് ഉറപ്പിച്ചു.
കാറിന്റെ വാതിൽ തുറന്ന് നടത്തിയ പരിശോധനയിൽ യുവതി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആംബുലൻസ് റെസ്ക്യൂ ടീം യുവതിക്ക് പ്രഥമശുശ്രൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് അപകടകരമായ രീതിയിൽ താഴ്ന്നതിനെ () തുടർന്നാണ് യുവതി കുഴഞ്ഞുവീണതെന്ന് പിന്നീട് ഡോക്ടർമാർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ദുബായ് പൊലീസ് ജനറൽ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം രചിച്ച 'ഓപ്പറേഷൻസ് മാനേജ്മെന്റ് ഇൻ ക്രിട്ടിക്കൽ ഇൻസിഡന്റ്സ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്' എന്ന പുസ്തകത്തിലാണ് സങ്കീർണ്ണമായ ഈ രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ദീർഘകാല രോഗങ്ങളോ ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ദുബായ് പൊലീസിന്റെ 'ക്രിട്ടിക്കൽ മെഡിക്കൽ കേസസ് പ്രോഗ്രാമിൽ' () മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. കൂടാതെ, അപകടനിലയിൽ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിൽ ഒറ്റ ടച്ചിലൂടെ ലൊക്കേഷൻ പോലീസിലേക്ക് അയക്കാൻ സഹായിക്കുന്ന 'യുവർ സെക്യൂരിറ്റി അറ്റ് ദി ടച്ച് ഓഫ് എ ബട്ടൺ' ( ) എന്ന സ്മാർട്ട് ആപ്ലിക്കേഷൻ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.

Comments
Post a Comment