പൂവത്താംകുന്നിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന സംഭവം : 200 മീറ്റർ മാറി ഭൂമിക്കടിയിൽ നിന്ന് വെള്ളച്ചാട്ടം ; ജിയോളജി സംഘം സന്ദർശനം നടത്തി
കൂരാച്ചുണ്ട്: കനത്ത മഴയെത്തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പൂവത്താംകുന്നിൽ ഭൂമിയിൽ ഭീമൻ ഗർത്തം രൂപപ്പെട്ടു. പറയൻകണ്ടത്തിൽ പരമേശ്വരന്റെ വീടിന്റെ തറയോട് തൊട്ടുരുമ്മിയാണ് വലിയ അളവിൽ മണ്ണ് ഇടിഞ്ഞുതാഴ്ന്ന് ഗർത്തം ഉണ്ടായിരിക്കുന്നത്. സംഭവം പ്രദേശവാസികളിൽ വലിയ രീതിയിലുള്ള ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. ജിയോളജിസ്റ്റ് മഞ്ജു സി.എസ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. ഗർത്തം രൂപപ്പെട്ടതിന് പുറമേ, ഇവിടെനിന്ന് ഏകദേശം 200 മീറ്റർ മാറി ഭൂമിക്കടിയിൽ നിന്ന് ശക്തമായ രീതിയിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കായണ്ണ പഞ്ചായത്തിന്റെ അതിർത്തിയിൽപ്പെടുന്ന ഈ പ്രദേശവും ജിയോളജി സംഘം നേരിട്ടെത്തി വിലയിരുത്തി. ഭൂമിക്കടിയിലെ ജലപ്രവാഹമാണോ ഇടിഞ്ഞുതാഴലിന് കാരണമെന്ന് സംഘം പരിശോധിച്ചുവരികയാണ്.
സ്ഥലസന്ദർശന വേളയിൽ ജനപ്രതിനിധികളും ഭരണസമിതി അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, വാർഡ് മെമ്പർ എൻ.കെ. കുഞ്ഞമ്മദ്, പഞ്ചായത്ത് സെക്രട്ടറി മനിൽകുമാർ കെ.പി. എന്നിവരും ജനപ്രതിനിധികൾക്കൊപ്പം പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് കായണ്ണ പഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ ഏകോപിപ്പിച്ചു. ജിയോളജി വകുപ്പിന്റെ വിശദമായ പഠന റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർന്നുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment