പെറ്റമ്മയും തളളിപ്പറഞ്ഞു, മകൻ്റെ മൃതദേഹം പോലും വേണ്ടെന്ന് അമ്മ
ബാരൂയിപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ, പ്രതിയുടെ അമ്മയുടെ പ്രതികരണം വലിയ ചർച്ചയാകുന്നു. സ്വന്തം മകന്റെ ചെയ്തികളെ പരസ്യമായി തള്ളിപ്പറഞ്ഞും പോലീസ് നടപടിയെ പിന്തുണച്ചുമാണ് പ്രതി പ്രഭാഷ് മൊണ്ടലിന്റെ അമ്മ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
മകൻ ചെയ്ത കുറ്റം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നും, ഒരു പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും വേദന താൻ തിരിച്ചറിയുന്നുണ്ടെന്നും അവർ പറഞ്ഞു. "മകൻ ചെയ്തത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ആ കുഞ്ഞിന്റെ വേദനയോ കുടുംബത്തിന്റെ സങ്കടമോ അവൻ കണക്കിലെടുത്തില്ല. ചെയ്ത തെറ്റിന് അർഹമായ ശിക്ഷ തന്നെയാണ് അവന് ലഭിച്ചത്. അതുകൊണ്ട് തന്നെ അവന്റെ മൃതദേഹം കാണാൻ പോലും ഞങ്ങൾക്ക് താല്പര്യമില്ല. പോലീസ് ചെയ്തത് പൂർണ്ണമായും ശരിയാണ്," വിതുമ്പിക്കൊണ്ട് അവർ വ്യക്തമാക്കി.
സ്വന്തം മകനാണെങ്കിലും അവൻ ചെയ്ത പാതകത്തിന് കൂട്ടുനിൽക്കാൻ തയ്യാറല്ലെന്ന ആ അമ്മയുടെ നിലപാട് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമാണ് തങ്ങളെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. നീതി നടപ്പിലാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെ വലിയൊരു വിഭാഗം ജനങ്ങളും പിന്തുണച്ചപ്പോൾ, പ്രതിയുടെ മാതാവിന്റെ ഈ നിലപാട് സംഭവത്തിന്റെ ഗൗരവം വീണ്ടും ഉയർത്തിക്കാട്ടുകയാണ്

Comments
Post a Comment