അമ്മയെ കൊന്നത് സ്കോർപിയോ ഇടിച്ച്, അച്ഛനെ കൊന്നത് ഫീഡിങ് ട്യൂബ് ഊരിയെടുത്ത്; ക്രൂരതയുടെ നേർക്കാഴ്ചയായി ഒരു മകൾ
ജയ്പ്പൂർ: അന്ധമായ പണക്കൊതിയും അടക്കാനാവാത്ത ദേഷ്യവും മനുഷ്യനെ സ്വന്തം മാതാപിതാക്കളുടെ ജീവനെടുക്കുന്ന ക്രൂരമൃഗമാക്കി മാറ്റുമെന്നതിന്റെ ഭീകരമായ സാക്ഷ്യപത്രമായി രാജസ്ഥാനിലെ പ്രതാപ് നഗറിൽ നിന്നൊരു കൊലപാതകവിവരം പുറത്ത്. വഴിയിലെ ഒരു സാധാരണ 'ഹിറ്റ് ആൻഡ് റൺ' അപകടമെന്ന് കരുതി പോലീസ് എഴുതിത്തള്ളാനിരുന്ന കേസിന്റെ ചുരുളഴിച്ചപ്പോഴാണ്, നിയമവിദ്യാർത്ഥിനിയായ സ്വന്തം മകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മകൾ ആയിഷ ശർമ്മ, ഇവരുടെ വലിയച്ഛൻ മോഹൻ സ്വരൂപ് ശർമ്മ എന്നിവരുൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ആയിഷയുടെ കാമുകനും കസിനുമായ ബെൽറാം നിലവിൽ ഒളിവിലാണ്.
സംശയമുണർത്തിയ സിസിടിവി ദൃശ്യങ്ങൾ; വഴിത്തിരിവായത് സഹോദരന്റെ മൊഴി
കഴിഞ്ഞ ദിവസം പ്രതാപ് നഗറിൽ വെച്ചാണ് അതിവേഗത്തിലെത്തിയ മഹേന്ദ്ര സ്കോർപിയോ ഇടിച്ച് നീരജ് ശർമ്മ എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെടുന്നത്. പ്രാരംഭ ഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകടമായിട്ടാണ് പോലീസ് കണ്ടത്. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതോടെ കഥ മാറി. അതീവ ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞുവന്ന വാഹനം, ഒരിടത്തുപോലും ബ്രേക്ക് ചെയ്യാൻ ശ്രമിക്കാതെ റോഡരികിലൂടെ നടക്കുകയായിരുന്ന നീരജിനെ മനപ്പൂർവ്വം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് മകളുടെ ക്രൂരതകളിലേക്ക് വിരൽ ചൂണ്ടിയത്.
നീരജിന്റെ മരണശേഷം സഹോദരൻ പോലീസിന് നൽകിയ ഒരു നിർണായക മൊഴിയാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. മുൻപ് ആയിഷയും അമ്മയും തമ്മിൽ വീട്ടിൽ വെച്ചുണ്ടായ ഒരു കടുത്ത തർക്കത്തിനിടയിൽ,
"അച്ഛന്റെ ഫീഡിങ് പൈപ്പ് ഊരിയെടുത്തു കൊന്നവളാണ് ഞാൻ, നിന്നെയും രണ്ടു ദിവസത്തിനുള്ളിൽ ഇല്ലാതാക്കും!"
എന്ന് ആയിഷ പരസ്യമായി ആക്രോഷിച്ചിരുന്നു എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ഇതോടെയാണ് മാസങ്ങൾക്ക് മുൻപ് നടന്ന വിജയ് ശർമ്മയുടെ സ്വാഭാവിക മരണത്തിലും പോലീസിന് സംശയമുദിക്കുന്നത്.
അച്ഛനെ കൊന്നത് ഫീഡിങ് പൈപ്പ് ഊരിമാറ്റി
രാജസ്ഥാൻ ഹൈക്കോടതിയിൽ ലോവർ ഡിവിഷൻ ക്ലർക്കായിരുന്ന വിജയ് ശർമ്മയ്ക്ക് ബ്രെയിൻ ഹെമറേജ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഈ സമയത്താണ് ആയിഷ തന്റെ കസിനായ ബെൽറാമിന്റെ സഹായത്തോടെ അച്ഛനെ വിദഗ്ധ ചികിത്സയ്ക്കെന്ന വ്യാജേന ആരുമറിയാത്ത രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
പിന്നീട് തിരികെ വീട്ടിലെത്തിച്ച ശേഷം, വിജയ് ശർമ്മയുടെ ജീവൻ നിലനിർത്തിയിരുന്ന ഫീഡിങ് ട്യൂബ് ആയിഷ ക്രൂരമായി ഊരിമാറ്റുകയായിരുന്നു. കൃത്യമായ പരിചരണവും മരുന്നും നൽകാതെ മാസങ്ങളോളം പീഡിപ്പിച്ചാണ് ഇവർ സ്വന്തം അച്ഛനെ കൊലപ്പെടുത്തിയത്. അന്ന് അതൊരു സ്വാഭാവിക മരണമായിട്ടാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ: ആശ്രിത നിയമനവും ഒൻപതേക്കർ ഭൂമിയും
അച്ഛന്റെ മരണശേഷം ആ സർക്കാർ ജോലി ആശ്രിത നിയമനപ്രകാരം തനിക്ക് വേണമെന്ന് ആയിഷ വാശിപിടിച്ചു. എന്നാൽ പ്രത്യേക പരിചരണം ആവശ്യമുള്ള കൗമാരക്കാരനായ മകന്റെ ഭാവി ഓർത്ത് അമ്മ നീരജ് ശർമ്മ ആ ജോലി സ്വന്തം പേരിൽ വാങ്ങി. ഇതോടെ അമ്മയോട് കടുത്ത ശത്രുതയിലായ ആയിഷ, ഹൈവേയ്ക്ക് സമീപമുള്ള തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒൻപത് ഏക്കറോളം വരുന്ന കോടികൾ വിലമതിക്കുന്ന സ്ഥലം തന്റെ പേരിൽ എഴുതിത്തരാൻ ആവശ്യപ്പെട്ടു. അമ്മ അതിന് കർശനമായി വിസമ്മതിച്ചതോടെ അവൾ പിണങ്ങി വലിയച്ഛനായ മോഹൻ സ്വരൂപ് ശർമ്മയുടെ വീട്ടിലേക്ക് താമസം മാറി.
വലിയച്ഛന്റെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് ആയിഷ അവിടുത്തെ മകനും തന്റെ കസിനുമായ ബെൽറാമുമായി പ്രണയത്തിലാകുന്നത്. അമ്മ മരിച്ചാൽ തനിക്ക് ലഭിക്കുന്ന കോടികൾ വിലമതിക്കുന്ന ഹൈവേ സൈഡ് ഭൂമി വലിയച്ഛന്റെയും കാമുകന്റെയും പേരിൽ എഴുതി നൽകാമെന്ന് ആയിഷ കരാറുണ്ടാക്കി. ഇതോടെ പണത്തോടുള്ള ആർത്തി മൂത്ത വലിയച്ഛൻ മോഹൻ സ്വരൂപ് കൊലപാതകം നടത്താനായി സ്വന്തം പേരിൽ ഒരു സ്കോർപിയോ വണ്ടി വാടകയ്ക്കെടുത്തു. ബെൽറാം വഴി ഈ വണ്ടി ഓടിക്കാനും കൃത്യം നടത്താനുമായി ഗുണ്ടകളെയും ഏർപ്പാടാക്കി.
മൂന്നാം ശ്രമത്തിൽ അമ്മയെ വകവരുത്തി
പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ പതിവായി കോച്ചിങ് സെന്ററിൽ കൊണ്ടുവിട്ട് നീരജ് ശർമ്മ തിരികെ നടന്നു വരുന്ന സമയം പ്രതികൾ കൃത്യമായി മനസ്സിലാക്കി വെച്ചിരുന്നു. രാവിലെ ഇതേ രീതിയിൽ നടന്നുപോയ നീരജിനെ റോഡരികിൽ കാത്തുനിന്ന ഗുണ്ടാസംഘം വാടകയ്ക്കെടുത്ത വണ്ടിയിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മുൻപും രണ്ട് തവണ ഇവരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം പേരിൽ വണ്ടി വാടകയ്ക്കെടുത്ത വലിയച്ഛൻ മോഹൻ സ്വരൂപിന്റെ വലിയ പിഴവാണ് കേസ് എളുപ്പത്തിൽ തെളിയാൻ പോലീസിനെ സഹായിച്ചത്. വാടക വണ്ടിയുടെ ഉടമസ്ഥരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെല്ലാം ഒടുവിൽ വലയിലാവുകയായിരുന്നു. ഒളിവിലുള്ള പ്രതി ബെൽറാമിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ശ്രമിച്ച മകളുടെ ഈ ക്രൂരത ജയ്പ്പൂർ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്

Comments
Post a Comment